തന്റെ ഒരു വിധികൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് ചെലമേശ്വര്‍

Posted on: April 12, 2018 3:19 pm | Last updated: April 12, 2018 at 8:17 pm

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിന്റെ അധികാരം ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍. ചീഫ് ജസ്റ്റിസിന്റെ അധികാരം മുതിര്‍ന്ന ജഡ്ജിമാരുമായി പങ്കിടണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശാന്തിഭൂഷണ്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാണ് ചെലമേശ്വര്‍ വിസമ്മതിച്ചത്. ഇരുപത്തിനാല് മണിക്കൂറിനകം തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചെലമേശ്വര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മെഡിക്കല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട ചെലമേശ്വറിന്റെ വിധി നേരത്തെ റദ്ദാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെലമേശ്വരിന്റെ പരാമര്‍ശം.

പരമാധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ അധികാരത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബഞ്ചുകള്‍ രൂപവത്കരിക്കുന്നതിലും കേസുകള്‍ ബഞ്ചുകള്‍ക്ക് വീതിച്ച് നല്‍കുന്നതിലും ചീഫ് ജസ്റ്റിസിനുള്ള എകപക്ഷീയമായ അധികാരം ചോദ്യം ചെയ്ത് ലക്‌നോ സ്വദേശി അശോക് പാണ്ഡെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. സുപ്രധാന കേസുകളില്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്ന് ജഡ്ജിമാര്‍ ഒന്നിച്ചിരുന്ന് ഏത് ബഞ്ചിന് കേസ് നല്‍കണമെന്ന കാര്യം തീരുമാനിക്കണമെന്നായിരുന്നു ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ചീഫ് ജസ്റ്റിസിനാണ് സുപ്രീം കോടതിയിലെ പരമാധികാരമെന്ന് മൂന്നംഗ ബഞ്ചിന് വേണ്ടി എഴുതിയ വിധിയില്‍ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി. ബഞ്ചുകള്‍ രൂപവത്കരിക്കുന്നതിനുള്ള അധികാരം ചീഫ് ജസ്റ്റിസിനെയാണ് ഭരണഘടന ഏല്‍പ്പിച്ചിരിക്കുന്നത്. തുല്യരില്‍ ഒന്നാമന്‍ ചീഫ് ജസ്റ്റിസാണെന്നും ബഞ്ചുകള്‍ രൂപവത്കരിക്കുന്നതിലും ഏത് ബഞ്ചിന് കേസ് അനുവദിക്കണമെന്ന കാര്യത്തിലുമുള്ള അധികാരം അദ്ദേഹത്തിനാണെന്നും ഡി വൈ ചന്ദ്രചൂഡ് എഴുതിയ ഉത്തരവില്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസാണ് ഉന്നത ഭരണഘടനാ ചുമതലയുള്ള വ്യക്തി. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നത് അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലയാണ്. ചീഫ് ജസ്റ്റിസില്‍ അവിശ്വാസം തോന്നേണ്ട കാര്യമില്ല. ഈ വിഷയം ഇവിടെ അവസാനിപ്പിക്കുകയാണെന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.’ഭരണഘടനാനുസൃതമായി സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. പരമോന്നത കോടതിയുടെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നത് ചീഫ് ജസ്റ്റിസിന് നല്‍കിയിട്ടുള്ള അധികാരമാണെന്നും വിധിയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരിയില്‍ സുപ്രീം കോടതിയില്‍ സ്വാഭാവികമല്ലാത്ത കാര്യങ്ങള്‍ നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ജെ ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തായിരുന്നു ഇവര്‍ രംഗത്തെത്തിയിരുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു അശോക് പാണ്ഡെ ചീഫ് ജസ്റ്റിസിന്റെ മാസ്റ്റര്‍ ഓഫ് റോസ്റ്റര്‍ അധികാരം ചോദ്യം ചെയ്ത് ഹരജി സമര്‍പ്പിച്ചത്.