സുപ്രീം കോടതി മൗനം തുടര്‍ന്നാല്‍ ചരിത്രം മാപ്പ് തരില്ല; ജുഡീഷ്യല്‍ നിയമനത്തിലെ കേന്ദ്ര ഇടപെടലിനെതിരേ ജ. കുര്യന്‍ ജോസഫ്

Posted on: April 12, 2018 10:53 am | Last updated: April 12, 2018 at 12:43 pm

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ നിയമനത്തിലെ കേന്ദ്ര ഇടപെടലിനെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്ക് കത്തയച്ചു.

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസും മലയാളിയുമായ കെഎം ജോസഫ്, മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായ ഉയര്‍ത്തിയ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല. ഇവരെ ജഡ്ജിമാരാക്കാനുള്ള ശിപാര്‍ശ അംഗീകരിക്കണമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് ആവശ്യപ്പെട്ടു. ഏഴംഗ ജഡ്ജിമാരുള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് ഇക്കാര്യം പരിഗണിക്കണമെന്നും കേന്ദ്രം തീരുമാനം എടുക്കാത്തതിനെതിരെ ബഞ്ച് വിധി പ്രസ്താവിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പിഴവാകും. സുപ്രീം കോടതിയുടെ നിലനിര്‍പ്പ് തന്നെ ഭീഷണിയിലായിരിക്കുകയാണ്. ഇനിയും മൗനം തുടര്‍ന്നാല്‍ അതിന് ചരിത്രം മാപ്പ് തരില്ല. സുഖപ്രസവം നടന്നില്ലെങ്കില്‍ സിസേറിയന്‍ വേണം. അല്ലെങ്കില്‍ കുഞ്ഞ് മരിക്കുമെന്നും അദ്ദേഹം ചീഫ് ജസ്റ്റീസിന് അയച്ച കത്തില്‍ പറയുന്നു. ചീഫ് ജസ്റ്റീസിന് അയച്ച കത്തിന്റെ പകര്‍പ്പ് മറ്റു 22 ജഡ്ജിമാര്‍ക്കും അദ്ദേഹം കൈമാറി.