Connect with us

National

ബദാമിയിലും ജനവിധി തേടാന്‍ സിദ്ധരാമയ്യ

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ ജനവിധി തേടാനൊരുങ്ങി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഉത്തര കര്‍ണാടകയിലെ ബദാമി മണ്ഡലമാണ് രണ്ടാമത്തെ അങ്കത്തിനായി കോണ്‍ഗ്രസ് നേതൃത്വം പരിഗണിക്കുന്നത്. മധുസൂദന്‍ മിസ്ത്രി അധ്യക്ഷനായ സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങുമെന്നാണ് സൂചന.
മൈസൂരു ജില്ലയിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിലാണ് സിദ്ധരാമയ്യ ജനവിധി തേടുന്നത്. എന്നാല്‍, മണ്ഡലം സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മറ്റൊരു മണ്ഡലത്തില്‍ കൂടി സിദ്ധരാമയ്യയെ മത്സരിപ്പിക്കാന്‍ ചര്‍ച്ചകള്‍ മുറുകുന്നത്.

ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയെ പരാജയപ്പെടുത്താന്‍ ബി ജെ പിയും ജെ ഡി എസും തമ്മില്‍ രഹസ്യധാരണയിലാണ്. ഈ നീക്കം തിരിച്ചറിഞ്ഞാണ് സിദ്ധരാമയ്യയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ കരുതലോടെയുള്ള നീക്കം. വിജയസാധ്യത നല്‍കുന്ന മറ്റൊരു മണ്ഡലം എന്ന നിലയിലാണ് ബദാമി കൂടി പരിഗണിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. കുറുമ്പ സമുദായത്തിന് സ്വാധീനമുള്ള ബദാമി മണ്ഡലത്തില്‍ അവരുടെ പ്രമുഖ നേതാവായ സിദ്ധരാമയ്യക്ക് വലിയ വിജയസാധ്യതയാണ് നല്‍കുന്നത്. നേരത്തെ മത്സരിക്കാന്‍ തീരുമാനിച്ചിരുന്ന വരുണ മണ്ഡലം മകന് നല്‍കിയതാണ് രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ സിദ്ധരാമയ്യക്ക് കളമൊരുക്കിയത്. ജെ ഡി എസ് നേതാവും നിലവില്‍ എം എല്‍ എയുമായ ജി ടി ദേവഗൗഡയാണ് ചാമുണ്ഡേശ്വരിയില്‍ സിദ്ധരാമയ്യയുടെ പ്രധാന എതിരാളി. ഇവിടെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കാനാണ് ബി ജെ പി നീക്കം.

രണ്ട് സീറ്റുകളില്‍ ജനവിധി തേടാനുള്ള സിദ്ധരാമയ്യയുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ കെ പി സി സി അധ്യക്ഷന്‍ ഡോ. ജി പരമേശ്വരയും രണ്ട് സീറ്റുകളില്‍ മത്സരത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ഹൈക്കമാന്‍ഡിനെ സമീപിച്ചു. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനം അറിയിച്ചിട്ടില്ല.