Connect with us

Kerala

അധികകാലം വേണ്ട, കടലില്‍ മീനിനേക്കാള്‍ കൂടുതല്‍ പ്ലാസ്റ്റിക്കാകാന്‍

Published

|

Last Updated

കൊച്ചി: മുപ്പത് വര്‍ഷം കഴിഞ്ഞാല്‍ കടലില്‍ മീനിനേക്കാള്‍ കൂടുതല്‍ അളവില്‍ പ്ലാസ്റ്റിക്കായിരിക്കുമെന്ന് ഗവേഷകര്‍. നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ 2050ല്‍ 850 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് കടലിലുണ്ടാകുമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടന്ന സെമിനാര്‍ വിലയിരുത്തി.

5.25 ട്രില്യണ്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കടലില്‍ കുമിഞ്ഞുകൂടിയിട്ടുണ്ടെന്നും സൂക്ഷ്മ പ്ലാസ്റ്റിക് കണികകള്‍ മത്സ്യങ്ങളുടെ വയറ്റില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് ഗവേഷണം നടത്തുന്ന ഡോ. കൃപ പറഞ്ഞു. 2014 ലെ കണക്ക് പ്രകാരം, 150 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് കടലിലുള്ളതായി തെളിഞ്ഞിട്ടുണ്ട്. ഓരോ വര്‍ഷവും കരയില്‍ നിന്ന് 4.8 മില്യണ്‍ മെട്രിക് ടണ്‍ പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍ കടലിലെത്തിച്ചേരുന്നുണ്ട്. സൂക്ഷ്മ പ്ലാസ്റ്റിക് കണങ്ങളില്‍ നിന്ന് ആവിര്‍ഭവിക്കുന്ന രാസപദാര്‍ഥങ്ങള്‍ മത്സ്യസമ്പത്തിന് വലിയ ഭീഷണിയാണെന്നും മത്സ്യബന്ധനത്തിനിടയില്‍ ഉപേക്ഷിക്കപ്പെടുന്ന വലകള്‍ കടലിന്റെ ആവാസവ്യവസ്ഥക്ക് ഭീഷണിയാണെന്നും കണ്ടെത്തിയതായി സെമിനാറില്‍ പ്രബന്ധമവതരിച്ച് അവര്‍ വ്യക്തമാക്കി.

അതേസമയം പ്ലാസ്റ്റിക് അല്ല, ശരിയായ രീതിയിലുള്ള മാലിന്യ പരിപാലനത്തിലെ പോരായ്മയാണ് യഥാര്‍ത്ഥ പ്രശ്‌നമെന്ന് “പ്ലാസ്റ്റിക് മാന്‍ ഓഫ് ഇന്ത്യ” എന്നറിയപ്പെടുന്ന ഡോ. വാസുദേന്‍ രാജഗോപാലന്‍ അഭിപ്രായപ്പെട്ടു.