കുറ്റവിമുക്തമാക്കപ്പെട്ടാല്‍ തടഞ്ഞുവച്ച വേതനവും മറ്റാനുകൂല്യങ്ങളും നല്‍കണം

Posted on: April 11, 2018 11:00 pm | Last updated: April 11, 2018 at 11:00 pm

arrestഅബുദാബി: തൊഴില്‍ നിയമലംഘനങ്ങളിലും മറ്റും കുറ്റവിമുക്തമാക്കപ്പെട്ടാല്‍ തൊഴിലാളികള്‍ക്കു തടഞ്ഞുവച്ച വേതനവും മറ്റാനുകൂല്യങ്ങളും തൊഴിലുടമ നല്‍കണമെന്നു കോടതി. വ്യാജ പരാതി നല്‍കിയത് തൊഴിലുടമ അല്ലെങ്കിലും തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടപ്പെടരുതെന്നും വ്യക്തമാക്കി.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാലോ കുറ്റകൃത്യങ്ങളുടെ പേരിലോ തൊഴിലാളിയുടെ ശമ്പളം താല്‍ക്കാലികമായി പിടിച്ചുവെക്കാന്‍ തൊഴിലുടമക്ക്് അവകാശമുണ്ട്. എന്നാല്‍ തൊഴിലാളിക്ക് അനുകൂലമായി വിധി വന്നാല്‍ തടഞ്ഞുവെക്കപ്പെട്ട കാലത്തെ വേതനവും മറ്റു തൊഴില്‍ അവകാശങ്ങളും തിരിച്ചുനല്‍കണം. വ്യക്തിഗത വിസയില്‍ ഗാര്‍ഹിക തൊഴില്‍ ചെയ്യുന്നവരുടെ അവകാശങ്ങള്‍ വ്യക്തമാക്കുന്ന 2017ലെ ഫെഡറല്‍ തൊഴില്‍ നിയമം പത്താം നമ്പര്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്‌മെന്റ് പ്രോസിക്യൂഷന്‍സ് വിഭാഗം മേധാവി ജസ്റ്റിസ് ഹസന്‍ അല്‍ ഹമ്മാദി പറഞ്ഞു.

തൊഴിലാളിക്കെതിരെ മറ്റാരില്‍നിന്നെങ്കിലും പരാതി ഉയര്‍ന്നാലും സമാനരീതിയില്‍ തൊഴിലുടമക്കു വേതനം പിടിച്ചുവെക്കാം. എന്നാല്‍ നിരപരാധിയാണെന്നു തെളിഞ്ഞാല്‍ എല്ലാം തിരികെ കിട്ടാന്‍ തൊഴിലാളിക്ക് അവകാശമുണ്ട്. തൊഴിലുടമയുടേതല്ലാത്ത കാരണത്താലാണ് ജോലി ചെയ്യാത്തതെങ്കില്‍ ഈ കാലയളവിലെ ആനുകൂല്യങ്ങള്‍ക്കു തൊഴിലാളി അര്‍ഹനല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളില്‍ കേസിനു കാരണക്കാരായവരാണ് തൊഴിലാളിയുടെ വേതനവും അനുബന്ധ ആനുകൂല്യങ്ങളും നല്‍കേണ്ടത്. തൊഴിലാളികളുടെ ശമ്പളം ഒരു മാസത്തിലധികം കുടിശികയായാല്‍ മനുഷ്യവിഭവശേഷി- സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍ പരാതിപ്പെടണം. ഇത്തരം കേസുകള്‍ പ്രോസിക്യൂഷനു ലഭിക്കുന്നതോടെ അതിവേഗ നടപടികള്‍ ഉണ്ടാകും.

ഒരു വര്‍ഷം നിയമാനുസൃതമായി ജോലി ചെയ്ത തൊഴിലാളിയുടെ വിസ റദ്ദാക്കുമ്പോള്‍ സേവനകാല ആനുകൂല്യത്തിന് അവകാശമുണ്ട്. തൊഴില്‍ നിയമത്തില്‍ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്ന ഇതു നല്‍കേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണ്. കരാര്‍ലംഘനം നടത്തി തൊഴിലില്‍നിന്നു വിട്ടവരുടെ വിസ റദ്ദാക്കുമ്പോള്‍ സേവനകാല ആനുകൂല്യം ലഭിക്കില്ല. സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടുന്ന തൊഴിലാളിക്കും സേവനകാല ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ല. സ്‌പോണ്‍സറും തൊഴിലാളികളും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം. ഇതു പരാജയപ്പെടുമ്പോഴാണ് പരാതി മന്ത്രാലയത്തിനു കൈമാറേണ്ടത്. പരാതികള്‍ രണ്ടാഴ്ചക്കുള്ളില്‍ പരിഹരിക്കാന്‍ മന്ത്രാലയം ശ്രമിക്കും. ഈ ഘട്ടവും പരാജയപ്പെട്ടാല്‍ കേസുകള്‍ കോടതിക്കു കൈമാറും.