റമസാന്‍; നിത്യോപയോഗ സാധനങ്ങളുടെ വില കുറക്കും

Posted on: April 11, 2018 10:39 pm | Last updated: May 25, 2018 at 8:12 pm

ദുബൈ: റമസാന്‍ കാലത്തു നിത്യോപയോഗ സാധനങ്ങളുടെ വില 50 ശതമാനം വരെ കുറക്കാന്‍ സാമ്പത്തിക മന്ത്രാലയം തീരുമാനിച്ചു.
10,000 ഉത്പന്നങ്ങള്‍ക്ക് 25 മുതല്‍ 50 വരെയാണ് കുറയ്ക്കുക. 600 ഓളം വ്യാപാരസ്ഥാപനങ്ങളില്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്നു മന്ത്രാലയം ഉപഭോക്തൃ സംരക്ഷണ വിഭാഗം മേധാവി ഡോ. ഹാഷിം അല്‍ നുഐമി അറിയിച്ചു. യൂണിയന്‍ കോഓപ്പില്‍ ഉള്‍പെടെയാണ് വിലക്കിഴിവ്. പുതിയ വില ഉടന്‍ പ്രഖ്യാപിക്കണമെന്ന് യൂണിയന്‍ കോഓപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നിരവധി തവണ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. സമഗ്രമായ റമസാന്‍ പദ്ധതി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍കൂട്ടി തന്നെ ഉത്പന്നങ്ങള്‍ കമ്പോളത്തില്‍ എത്തണം.

20 ഉത്പന്നങ്ങള്‍ അടങ്ങുന്ന സഞ്ചിക്കു 100 ദിര്‍ഹമില്‍ കൂടുതല്‍ ഈടാക്കരുത്. എന്തൊക്കെ സാധനങ്ങളാണ് സഞ്ചിയില്‍ എന്നും എത്രയാണ് വിലയെന്നും രേഖപ്പെടുത്തണം. റമസാന്‍ മാസത്തിനു മുന്നോടിയായി വില നിലവാരം നിരീക്ഷിക്കും. 3500 സാമഗ്രികള്‍ രംഗത്തിറക്കും. ഉപഭോക്താക്കള്‍ക്ക് ബോധവത്കരണത്തിനായി പ്രചാരണ സ്‌ക്രീനുകള്‍ സ്ഥാപിക്കുമെന്നും നുഐമി പറഞ്ഞു.