Connect with us

National

ഡേറ്റ ചോര്‍ച്ച: ഇന്ത്യക്കാരായ ഉപയോക്താക്കളുടെ വിവരങ്ങളുള്ള സെര്‍വറുകള്‍ ഇന്ത്യയില്‍തന്നെ സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: പത്ത് കോടിയോളം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ആശങ്കയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ യു എസ് സെനറ്റ് സമിതിക്ക് മുമ്പില്‍ ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചതിന് പിന്നാലെയാണ് മോദിയും ആശങ്ക രേഖപ്പെടുത്തിയത്. ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇന്ത്യക്കാരായ ഉപയോക്താക്കളുടെ വിവരങ്ങള്‍ സൂക്ഷിക്കുന്ന സെര്‍വറുകള്‍ ഇന്ത്യയില്‍ തന്നെ സ്ഥാപിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

നിരവധി ഇന്ത്യക്കാര്‍ അംഗത്വമെടുത്തിട്ടുള്ള സോഷ്യല്‍ വെബ്‌സൈറ്റുകളായ ഗൂഗിള്‍, ഫെയ്‌സ്ബുക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയുടെ സെര്‍വറുകള്‍ നിലവില്‍ വിദേശരാജ്യങ്ങളിലാണു സ്ഥാപിച്ചിരിക്കുന്നത്. ഇവ ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ പരിധിയില്‍ കൊണ്ടുവരാനാണു ശ്രമം. ഇതിന് ഈ കമ്പനികളുടെ സെര്‍വറുകള്‍ ഇന്ത്യയില്‍ തന്നെ സ്ഥാപിക്കണമെന്നാണു മോദിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം നടന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലും ഡേറ്റ ചോര്‍ച്ചയുമായി ബന്ധപ്പെട്ടു പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തിയിരുന്നു.