അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ മരിച്ചു

Posted on: April 11, 2018 2:53 pm | Last updated: April 11, 2018 at 7:30 pm

അള്‍ജേഴ്‌സ്: ഉത്തരാഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നൂറിലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണ സംഖ്യ 200 വരെയാകാമെന്ന് അള്‍ജീരിയന്‍ റേഡിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനമായ അള്‍ജേഴ്‌സിന് സമീപം ബൗഫെറിക് സൈനിക വിമാനത്താവളത്തില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.

അല്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നിരവധി പേര്‍ക്ക് പരുക്കേറ്റു. 50 ലേറെ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് അല്‍ജീരിയയിലുണ്ടായ സമാനമായ അപകടത്തില്‍ 77 പേര്‍ പേര്‍ മരിച്ചിരുന്നു. അന്ന് സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള സൈനിക വിമാനമാണ് തകര്‍ന്നുവീണത്.