സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി ജെ പിയില്‍ കലാപം

Posted on: April 11, 2018 9:19 am | Last updated: April 11, 2018 at 10:28 am

ബെംഗളൂരു: ബി ജെ പി പുറത്തിറക്കിയ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയെ ചൊല്ലി ബി ജെ പിയില്‍ കലാപം. സ്ഥാനാര്‍ഥിത്വം ലഭിക്കാത്തവരാണ് നേതൃത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ മുന്‍മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മകള്‍ക്കും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം ലഭിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് കൃഷ്ണ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകുമെന്ന പ്രചാരണം ശക്തമാണ്.

യെദിയൂര്‍ വാര്‍ഡ് ബി ജെ പി കോര്‍പറേറ്റര്‍ എന്‍ ആര്‍ രമേഷ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി നേതൃത്വവുമായി ഇടഞ്ഞിരിക്കുകയാണ്.
രണ്ട് കോടി രൂപ വാങ്ങിയാണ് ബി ജെ പി ചിക്ക്‌പേട്ട് മണ്ഡലത്തില്‍ ഉദയ് ഗരുഡച്ചാറിന് സീറ്റ് നല്‍കിയതെന്നാണ് രമേഷിന്റെ ആരോപണം. ചിക്ക്‌പേട്ടില്‍ മത്സരിക്കാന്‍ രമേഷ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇവിടെ സീറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ അദ്ദേഹം പ്രചാരണവും തുടങ്ങിയിരുന്നു. ടിക്കറ്റ് നിഷേധിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി രമേഷിന്റെ അനുയായികള്‍ മുതിര്‍ന്ന നേതാവ് ആര്‍ അശോകിനെതിരെ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. അടുത്ത ലിസ്റ്റില്‍ ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹവേരിയില്‍ സിറ്റിംഗ് എം എല്‍ എ ബസവരാജ് ബൊമ്മായിക്ക് സീറ്റ് നല്‍കിയതിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.

എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് പാര്‍ട്ടിയില്‍ യാതൊരു അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നാണ് ബി എസ് യെദ്യൂരപ്പ പറയുന്നത്. രമേഷിനെ പോലും ഏതാനും പേര്‍ സീറ്റ് ലഭിക്കാത്തതില്‍ നിരാശരാണ്. സീറ്റ് ലഭിക്കാതെ പോയവരുമായി കൂടിയാലോചനകള്‍ നടത്തി പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും യെദ്യൂരപ്പ പറഞ്ഞു. ബി ജെ പി പുറത്തിറക്കിയ ആദ്യഘട്ട പട്ടികയില്‍ മറ്റുപാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് എത്തിയ അഞ്ച് പേര്‍ക്ക് ഇടം ലഭിച്ചിട്ടുണ്ട്.