Connect with us

Kerala

പോലീസിന് ആളുമാറി, ശ്രീജിത്ത് പ്രതിയല്ല; നിര്‍ണായക വെളിപ്പെടുത്തല്‍

Published

|

Last Updated

കൊച്ചി: വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ആത്മഹത്യ ചെയ്ത ഗൃഹനാഥന്‍ വാസുദേവന്റെ മകന്റെ വെളിപ്പെടുത്തല്‍. പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്ന് വാസുദേവന്റെ മകന്‍ വിനീഷ് പറഞ്ഞു. അക്രമം നടത്തിയവരില്‍ ഉണ്ടായിരുന്നത് മറ്റൊരു ശ്രീജിത്തായിരുന്നു. മരിച്ച ശ്രീജിത്ത് ആ സംഭവത്തില്‍ ഉള്‍പ്പെട്ട ആളല്ല. മരിച്ച ശ്രീജിത്ത് തന്റെ സുഹൃത്തായിരുന്നു. അയാളുമായി ഒരു വിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. മരിച്ച ശ്രീജിത്തിനെതിരെ ഞങ്ങള്‍ പരാതിപ്പെട്ടിട്ടുമില്ലെന്നും വിനീഷ് കൂട്ടിച്ചേര്‍ത്തു. പോലീസ് പിടികൂടിയത് യഥാര്‍ഥ പ്രതിയെ അല്ലെന്ന് അയല്‍വാസി രഞ്ജിത്ത് പൈയും പറഞ്ഞു.

വീടാക്രമണത്തെ തുടര്‍ന്ന് വാസുദേവന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് സ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇന്നലെ സന്ധ്യയോടെ മരിച്ചു. പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്തിന് ക്രൂരമര്‍ദനമേറ്റിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഇത് സാധൂകരിക്കുന്നതാണ് ചികിത്സാ രേഖ. ചെറുകടലില്‍ നീളത്തില്‍ മുറിവുണ്ട്. ശ്രീജിത്തിന് അടിവയറ്റില്‍ കടുത്ത ആഘാതമേറ്റെന്നും ഇതാണ് ആരോഗ്യ നില വഷളാക്കിയതെന്നും ചികിത്സാ രേഖയില്‍ പറയുന്നു.

വരാപ്പുഴ ദേവസ്വം പാടം സേനായ് പറമ്പ് വീട്ടില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്ത് (26) ഇന്നലെ വൈകുന്നേരം ചേരാനെല്ലൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. വരാപ്പുഴയില്‍ വീട് കയറി ആക്രമണത്തില്‍ ദേവസ്വം പാടം കുളമ്പ് കണ്ടം വീട്ടില്‍ വാസുദേവന്‍ മനംനൊന്ത് തൂങ്ങി മരിച്ച കേസില്‍ പ്രതിചേര്‍ത്ത് ശ്രീജിത്തിനെ ശനിയാഴ്ച പുലര്‍ച്ചെയാണ് വീട്ടില്‍ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസ് മര്‍ദനത്തില്‍ അവശനായ ശ്രീജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ ചികിത്സ നല്‍കാനോ പോലീസ് തയാറായില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ല.
പോലീസ് മര്‍ദനത്തില്‍ വയറ്റിലെ കുടല്‍ പോലും പൊട്ടിയ നിലയിലായിരുന്നു ശ്രീജിത്ത്. മര്‍ദനത്തോടൊപ്പം വയറ്റില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചതായി ശ്രീജിത്ത് ആശുപത്രിയില്‍ വെച്ച് പറഞ്ഞതായി സഹോദരന്‍ രഞ്ജിത്ത് വെളിപ്പെടുത്തി. വരാപ്പുഴ സ്റ്റേഷനില്‍ നിന്നെത്തിയ മഫ്തി പോലീസുകാരാണ് കഴിഞ്ഞ വെള്ളിയാഴ്ച ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ അറിയിച്ചു. പോലീസ് പീഡനത്തിന് താന്‍ സാക്ഷിയാണെന്ന് ഭാര്യ പറഞ്ഞു.
ശ്രീജിത്തിനെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരെ വരാപ്പുഴ സ്റ്റേഷനില്‍ താന്‍ കണ്ടതായി ഭാര്യ പറഞ്ഞു. ശ്രീജിത്തിന് കുടിവെള്ളവും ഭക്ഷണവും ചികിത്സയും നിഷേധിച്ചതായി ഭാര്യ പറഞ്ഞു.