യെദ്യൂരപ്പ ശിക്കാരിപുരത്തും ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളിയിലും മത്സരിക്കും

ബി ജെ പി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
Posted on: April 10, 2018 6:04 am | Last updated: April 9, 2018 at 11:46 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ആദ്യത്തെ പട്ടിക ബി ജെ പി പുറത്തിറക്കി. ബി എസ് യെദ്യൂരപ്പ ഉള്‍പ്പെടെ 72 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പട്ടികയാണ് ബി ജെ പി പുറത്തിറക്കിയത്. ന്യൂഡല്‍ഹിയില്‍ ബി ജെ പി ആസ്ഥാനത്ത് നടന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം.

ബി ജെ പി സംസ്ഥാന പ്രസിഡന്റും പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍ നിന്നും കെ എസ് ഈശ്വരപ്പ ശിവമൊഗയില്‍ നിന്നും ജനവിധി തേടും. പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടാര്‍ ഹുബ്ബള്ളി- ദര്‍വാഡ് സെന്‍ട്രലില്‍ നിന്നാണ് വീണ്ടും അങ്കംകുറിക്കുന്നത്. ബി ശ്രീരാമലു പട്ടികജാതി സംവരണ സീറ്റായ മൊലക്കല്‍മൂരുവില്‍ നിന്നും ബി രാഘവേന്ദ്ര സന്തൂര്‍ മണ്ഡലത്തില്‍ നിന്നും മത്സരിക്കും. സി ടി രവി- ചിക്കമംഗളൂരു, വി സോമണ്ണ- ഗോവിന്ദരാജ് നഗര്‍, ആര്‍ അശോക്- പത്മനാഭനഗര്‍, അരവിന്ദ ലിംബാവലി- മഹാദേവപുര (എസ് സി) എന്നിങ്ങനെയാണ് പ്രമുഖ മണ്ഡലങ്ങള്‍. എന്നാല്‍, 224 സീറ്റുകളുള്ള കര്‍ണാടകയില്‍ മറ്റ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ബി ജെ പിയില്‍ ഇതുവരെയും അഭിപ്രായ സമന്വയമായിട്ടില്ല.

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടായേക്കും. ജനതാദള്‍ സെക്കുലര്‍ 126 പേരടങ്ങിയ സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തിറക്കിയിട്ടുള്ളത്.