Connect with us

Articles

ദക്ഷിണാഫ്രിക്കയിലെ സ്‌ക്രാച്ച് ആന്‍ഡ് വിന്‍

Published

|

Last Updated

സമ്മറാണ്. സമര്‍ദം കുറെയുണ്ടാകുന്ന കാലം. അകവും പുറവും ചുട്ടുപൊള്ളുന്ന കാലം. അധ്യാപകര്‍ കുട്ടികളെ തേടിയിറങ്ങുന്ന സമയം. കുടയും ബാഗും കൊടുത്ത് കുട്ടികളെ ചാക്കിലാക്കുന്ന കാലം. ഓഫറുകള്‍ക്ക് വരള്‍ച്ചയില്ലാത്ത സമ്മര്‍. സമ്മര്‍ദം കാരണമാണീ ഓഫറുകള്‍. എങ്ങനെയെങ്കിലും പത്ത് കുട്ടികളെ കിട്ടിയില്ലെങ്കില്‍ സ്‌കൂള്‍ പൂട്ടും. അതിനാല്‍ നെട്ടോട്ടം. ഓഫറുകളുമായി ഓട്ടം. ഞങ്ങളുടെ സ്‌കൂളിലേക്ക് വാ മോനേ…

കടകളിലും സമ്മര്‍ദമാണ്. സാധനങ്ങള്‍ പഴയതുപോലെ വിറ്റു പോകുന്നില്ല. നോട്ട് നിരോധനവും ജി.എസ്.ടിയും വന്നതോടെയാണ് മാന്ദ്യം തുടങ്ങിയത്. എങ്ങനെയെങ്കിലും പിടിച്ചു നില്‍ക്കണമെന്നുണ്ട്. പക്ഷേ ആളുകള്‍ വരേണ്ടേ, സാധനങ്ങള്‍ വാങ്ങേണ്ടേ? ഓഫര്‍ നല്‍കാം. സമ്മര്‍ ഓഫര്‍. സ്‌ക്രാച്ച് ആന്‍ഡ് വിന്‍. നുള്ളിപ്പൊളിച്ച് നോക്കിയാല്‍ എന്തെങ്കിലും കണ്ടേക്കാം. വല്ല ഇസ്തിരിപ്പെട്ടിയോ, ഇത്തിരിപ്പെട്ടിയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും. നാട്ടുകാര്‍ക്ക് അതൊക്കെ മതി. വിന്നറായാല്‍ മതി. അതിന് അത്യാവശ്യമല്ലാത്തത് വാങ്ങാന്‍ മത്സരമാണ്. എന്നിട്ട് ചുരണ്ടണം, അല്ലെങ്കില്‍ ചുരുട്ടി എറിയണം.

ബേങ്കുകാരും കാത്തിരിക്കുകയാണ്. പണം കൈവശമുണ്ട്. ആരും വരുന്നില്ല. പരസ്യം കൊടുക്കുക. പ്രോസസിങ് ചാര്‍ജ് ഇല്ല, ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളൊന്നുമില്ല എന്നൊക്കെ. വീട്ടുവായ്പയുടെ പരസ്യമാണ് കൂടുതലും. നമ്മള്‍ വീട് വെക്കണമെന്ന നിര്‍ബന്ധമല്ല, അവരുടെ പണം തീരണം, അത്രമാത്രം. അടവ് തെറ്റിയാല്‍ നാട്ടുകാരെ അറിയിച്ചേ അടങ്ങൂ, ബാങ്കുകാര്‍. ലേലമാണ്. അതും പരസ്യമായി.
സര്‍ക്കാര്‍ ചിട്ടിക്കാരും ഇറങ്ങും, പൊന്നോണച്ചിട്ടി എന്നൊക്കെ പറഞ്ഞ്. സ്വര്‍ണനാണയങ്ങള്‍, മനംമയക്കും വര്‍ണക്കാഴ്ചകള്‍. വീഴാതിരിക്കുന്നതെങ്ങനെ. ചിട്ടി കിട്ടാനല്ല, സമ്മാനം കിട്ടാനാണ് ഈ പെടാപ്പാട്.

ബൈക്കുകാര്‍ കാത്തിരിക്കുന്നു. ഒരു രൂപയുമായി വന്നാല്‍ മതി. വണ്ടിയുമായി മടങ്ങാം. റോഡിന് വീതിയില്ലെങ്കിലെന്ത്? വണ്ടിയുണ്ടാകട്ടെ നാട്ടിലെങ്ങും. എണ്ണവില കുതിച്ചുയര്‍ന്നാലെന്ത്, ചെത്തിനടക്കട്ടെ കുട്ടികള്‍.

കുട്ടികളുടെ മാസികക്കാരും ഇറങ്ങും, സ്‌ക്രാച്ച് ആന്‍ഡ് വിന്‍ പരിപാടിയുമായി. വായിച്ചാല്‍ മാത്രം പോരാ, ചുരണ്ടി വിജയിയാവുകയും വേണം. ക്രിക്കറ്റ് ബാറ്റും ബോളും ടാബും ബാഗുമാണ് വിജയികള്‍ക്ക്.

ആസ്‌ട്രേലിയക്കാര്‍ നല്ല ക്രിക്കറ്റ് കളിക്കാരാണ്. അടിയോടികളും ഏറാടികളുമുണ്ട്. കളിക്കളത്തിലിറങ്ങിയാല്‍ അവരുടെ മുമ്പില്‍ വിജയം മാത്രം. എതിരാളികളെ ബോളുകൊണ്ടും ബാറ്റുകൊണ്ടും കശക്കുമവര്‍. ദക്ഷിണാഫ്രിക്കയിലും ജയിക്കുക എന്നതായിരുന്നു, സ്മിത്തിന്റെയും കൂട്ടരുടെയും മനസ്സില്‍. അതിനായി എന്തും ചെയ്യാം എന്നായി ചിന്ത. ബോള്‍ ചുരണ്ടി. എന്തിനെന്നോ, വിജയിക്കാന്‍. ശരിക്കും സ്‌ക്രാച്ച് ആന്‍ഡ് വിന്‍! പക്ഷേ, വിന്‍ കിട്ടിയില്ല, വിനയായി. അവസാനം സ്‌ക്രാച്ചുകാരും കോച്ചും കളത്തിന് പുറത്ത്!