ഫീസ് 11 ലക്ഷമാക്കണം: മെഡി. കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചു

സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ കെ കെ രവീന്ദ്ര നാഥ് ഹാജറാകും
Posted on: April 9, 2018 6:24 am | Last updated: April 9, 2018 at 12:00 am

കൊച്ചി/ തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് 11 ലക്ഷമാക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 21 മെഡിക്കല്‍ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ചു. 5.5 ലക്ഷമായാണ് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ നേരത്തെ ഫീസ് നിശ്ചയിച്ചത്. ഇത് അപര്യാപ്തമാണെന്നും ഫീസ് ഉയര്‍ത്തണമെന്നുമാണ് മാനേജ്‌മെന്റുകളുടെ ആവശ്യം. മാനേജ്‌മെന്റുകളുടെ നിലപാടിനെ തുടര്‍ന്ന് നാലായിരത്തോളം വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലായിരിക്കെയാണ് ഫീസ് വര്‍ധന ആവശ്യപ്പെട്ട് മാനേജ്‌മെന്റുകള്‍ കോടതി കയറുന്നത്.

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ഫീസ് വര്‍ധിപ്പിക്കാനായി സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ ഹൈക്കോടിയില്‍ സമര്‍പ്പിച്ച കേസില്‍ സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ കെ കെ രവീന്ദ്രനാഥ് ഹാജരാകുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു.
ഫീസ് റഗുലേറ്ററി കമ്മീഷന്‍ അനുവദിച്ച ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ടാണ് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകള്‍ കോടതിയെ സമീപിച്ചത്.