എം പിമാര്‍ക്ക് പിറകേ ഘടകകക്ഷിയും; യു പി മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം

Posted on: April 9, 2018 6:26 am | Last updated: April 8, 2018 at 11:41 pm

ലക്‌നോ: യു പിയിലെ ആദിത്യനാഥ് സര്‍ക്കാറിനെതിരെ ബി ജെ പിയിലെ ദളിത് എം പിമാര്‍ പരസ്യമായി രംഗത്തെത്തിയതിന് പിറകേ സംസ്ഥാനത്തെ എന്‍ ഡി എ സഖ്യകക്ഷിയായ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ് ബി എസ് പി)യും പരാതിയുമായി രംഗത്ത്. കൂട്ടുകക്ഷി മര്യാദയില്ലാതെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അവഗണിക്കപ്പെട്ടുവെന്ന വികാരമാണ് പാര്‍ട്ടിക്കുള്ളതെന്നും എസ് ബി എസ് പി മേധാവിയും യോഗി സര്‍ക്കാറിലെ കാബിനറ്റ് മന്ത്രിയുമായ ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞു.

ഈ മാസം പത്തിന് അമിത് ഷാ ലക്‌നോയിലെത്തുമ്പോള്‍ വിവിധ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. അദ്ദേഹം പറയുന്നത് കേട്ട ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. പാര്‍ട്ടി ഉയര്‍ത്തുന്ന വിഷയങ്ങളില്‍ അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കില്‍ സഖ്യത്തെ കുറിച്ച് വീണ്ടു വിചാരത്തിന് തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്ത്‌കൊണ്ടാണ് എം പിമാരും എം എല്‍ എമാരും സര്‍ക്കാറിനെതിരെ രോഷം പ്രകടിപ്പിക്കുന്നത്? എന്ത്‌കൊണ്ടാണ് പരാതി പറയാന്‍ അവര്‍ ഡല്‍ഹിയില്‍ പോകുന്നത്?- രാജ്ഭര്‍ ചോദിക്കുന്നു. സബ്കാ സാത്ത്, സബ്കാ വികാസ് എന്നാണ് ബി ജെ പിയുടെ പ്രഖ്യാപിത നയം. യു പിയില്‍ നടക്കുന്നത് നേരെ തിരിച്ചാണ്. ഇവിടെ ബി ജെ പി നേതാക്കളുടെ ബന്ധുക്കളായ സവര്‍ണരെയാണ് എല്ലാ പ്രധാന സ്ഥാനങ്ങളിലും നിയമിക്കുന്നത്. സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡിലാണ് ഈ തിരിമറി ഏറ്റവും ഒടുവില്‍ നടന്നത്. പിന്നാക്കക്കാരും പട്ടിക ജാതിക്കാരും എങ്ങോട്ട് പോകുമെന്നും അദ്ദേഹം ചോദിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്റെ പാര്‍ട്ടിയിലെ നാല് എം എല്‍ എമാര്‍ വോട്ട് ബഹിഷ്‌കരിക്കുമെന്ന് രാജ്ഭര്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ അമിത് ഷാ ഇടപെട്ട് രംഗം തണുപ്പിക്കുകയായിരുന്നു. 403 അംഗ സഭയില്‍ എന്‍ ഡി എക്ക് 324 അംഗങ്ങള്‍ ഉള്ളതിനാല്‍ എസ് ബി എസ് പിയുടെ ഭീഷണി സര്‍ക്കാറിനെ ഒരു നിലക്കും ബാധിക്കില്ലെങ്കിലും മൊത്തത്തില്‍ യോഗിക്കെതിരെ വിമതസ്വരമുയരുന്ന സാഹചര്യത്തില്‍ ഈ നിലപാട് ബി ജെ പിയെ പ്രതിരോധത്തിലാക്കുന്നുണ്ട്.

മാത്രമല്ല, പിന്നാക്ക, ദളിത് സമൂഹത്തെ സ്വാധീനിക്കാന്‍ പോന്ന വിമര്‍ശമാണ് രാജ്ഭര്‍ ഉയര്‍ത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നിന്ന് മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതിനെ തുടക്കത്തിലേ അദ്ദേഹം വിമര്‍ശിച്ചിരുന്നു. എസ്‌സി എസ് ടി ആക്ട് സുപ്രീം കോടതി ദുര്‍ബലമാക്കിയ വിഷയത്തിലും കേന്ദ്ര സര്‍ക്കാറിനെ അദ്ദേഹം കടന്നാക്രമിച്ചിരുന്നു.

യോഗി സര്‍ക്കാറിന്റെ കടുത്ത ജാതിവിവേചനം ചൂണ്ടിക്കാണിച്ച് ബി ജെ പി. എം പിമാര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇറ്റാവ, നാഗിന ലോക്‌സഭാ മണ്ഡലങ്ങളിലെ പ്രതിനിധികളായ അശോക് കുമാര്‍ ദോറി, യശ്വന്ത് സിംഗ് എന്നിവരാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. അവര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പരാതിയുമായി ചെന്ന ബി ജെ പി ദളിത് എം പി ഛോട്ടെ ലാല്‍ ഖര്‍വാറിനെ മുഖ്യമന്ത്രി യോഗി അധിക്ഷേപിച്ച് ആട്ടിയിറക്കിയെന്നും പരാതിയുയര്‍ന്നിരുന്നു.