ജെറ്റ് എയര്‍വേയ്‌സ് 75 വിമാനങ്ങള്‍ കൂടി വാങ്ങുന്നു

Posted on: April 9, 2018 6:08 am | Last updated: April 8, 2018 at 10:59 pm

കൊച്ചി: ജെറ്റ് എയര്‍വേയ്‌സ് ബോയിംഗ് 737 മാക്‌സ് വിഭാഗത്തില്‍പ്പെട്ട 75 വിമാനങ്ങള്‍ കൂടി വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കി. ഇതോടെ ജെറ്റ് എയര്‍വേയ്‌സ് ഓര്‍ഡര്‍ നല്‍കിയ ബോയിംഗ് വിമാനങ്ങളുടെ എണ്ണം 150 ആയി.

75 വിമാനങ്ങള്‍ക്ക് നേരത്തെ ഓര്‍ഡര്‍ നല്‍കിയിരുന്നു. വിമാന സര്‍വീസില്‍ മറ്റ് കമ്പനികളുമായുള്ള മത്സരത്തില്‍ മേല്‍ക്കൈ നേടുകയെന്ന ലക്ഷ്യത്തോടെയാണ് ജെറ്റ് എയര്‍വെയ്‌സിന്റ പുതിയ നീക്കം. പുതിയ വിമാനങ്ങള്‍ എത്തുന്ന മുറക്ക് നിലവിലുള്ള പഴയ വിമാനങ്ങള്‍ ഒഴിവാക്കാനാണ് തീരുമാനം. അത്യാധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കി കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ജെറ്റ് എയര്‍വേയ്‌സ് ലക്ഷ്യമാക്കുന്നത്. 75 ബോയിംഗ് വിമാനങ്ങള്‍ കൂടി എത്തുന്നതോടെ വ്യോമ മേഖലയില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിക്കാന്‍ കഴിയുമെന്നും കമ്പനി കരുതുന്നു. ബോയിംഗുമായി 25 വര്‍ഷത്തെ പങ്കാളിത്തമാണ് ജെറ്റ് എയര്‍വേയ്‌സിനുള്ളത്. ഇന്ത്യന്‍ വിമാന സര്‍വീസ് മേഖലയോടുള്ള ജെറ്റ് എയര്‍വേയ്‌സിന്റെ പ്രതിബദ്ധതക്ക് അടിവരയിടുന്നത് കൂടിയാണ് പുതിയ നീക്കമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വിനയ് ദുബേ പറഞ്ഞു.