ആലപ്പുഴ അഗ്‌നിരക്ഷാ നിലയത്തില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് കൂട്ട സ്ഥലംമാറ്റം

Posted on: April 9, 2018 6:13 am | Last updated: April 8, 2018 at 10:39 pm

ആലപ്പുഴ: സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ മറികടന്ന് ആലപ്പുഴ അഗ്‌നിരക്ഷാ നിലയത്തില്‍ ജീവനക്കാരുടെ കൂട്ട സ്ഥലം മാറ്റം. പൊതുസ്ഥലം മാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കോട്ടയം, എറണാകുളം ഡിവിഷനുകള്‍ മറികടന്നാണ് പാലക്കാട് ഡിവിഷനില്‍പ്പെട്ട തൃശൂര്‍ ജില്ലയിലെ നാട്ടികയിലേക്ക് പത്ത് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകള്‍ ഉള്‍പ്പെട്ട പാലക്കാട് ഡിവിഷനില്‍ നിന്നും സന്നദ്ധരായ ജീവനക്കാരെ ഒഴിവാക്കിയാണ് ഈ സ്ഥലംമാറ്റമെന്നും ആരോപണമുണ്ട്.

വി ഐ പി, വി വി ഐ പികള്‍ അടക്കം ലക്ഷകണക്കിന് ടൂറിസ്റ്റുകള്‍ സീസണില്‍ മാത്രം ആലപ്പുഴ സന്ദര്‍ശിക്കുമ്പോള്‍ ഇവരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട സേനയിലാണ് കൂട്ട സ്ഥലംമാറ്റമെന്നതും ഗൗരവതരമാണ്. ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് മണ്ഡലങ്ങളിലായി ആലപ്പുഴ മുനിസിപ്പാലിറ്റിയും 17 പഞ്ചായത്തുകളും ചേര്‍ന്നതാണ് ആലപ്പുഴ നിലയ പരിധി. മറ്റ് പല ജില്ലാ ആസ്ഥാനങ്ങളെയും പോലെ അടിയന്തര സാഹചര്യം നേരിടാനായി ഉപഗ്രഹ സ്റ്റേഷന്‍ സംവിധാനം ആലപ്പുഴയില്‍ നിലവിലില്ല.

കൊടും ചൂടും തിരക്കേറിയ വിനോദസഞ്ചാര സീസണുമായതിനാല്‍ അഗ്‌നിരക്ഷാസേനക്ക് വിശ്രമമില്ലാത്ത സമയമാണിത്. നൂറിലധികം ജലാശയ അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാര മേഖലയിലുണ്ടായത്. ജില്ലയിലെ മുഴുവന്‍ ജലാശയ അപകടങ്ങളും നേരിടുന്നത് ആലപ്പുഴ നിലയമാണ്. ഓരോ വര്‍ഷവും നിരവധി ഹൗസ് ബോട്ടുകളാണ് കത്തി നശിക്കുന്നത്. ഹൗസ് ബോട്ടില്‍ വെള്ളം കയറിയും മുങ്ങിയുമുള്ള അപകടങ്ങള്‍ വേറെയും. സഞ്ചാരികള്‍ അപകടപ്പെടുന്നതും മരണപ്പെടുന്നതുമായ സന്ദര്‍ഭങ്ങളും നിരവധിയാണ്.

വരാനിരിക്കുന്നത് ആലപ്പുഴ നിലയത്തിന് വിശ്രമമില്ലാത്ത മഴക്കാലമാണ്. സംസ്ഥാനത്ത് തന്നെ വെള്ളപ്പൊക്ക കെടുതി നിയന്ത്രിക്കാന്‍ പമ്പിംഗ് നടത്തുന്ന ഏക സ്റ്റേഷന്‍ ആലപ്പുഴയാണ്. മഴക്കാലത്ത് ഇരുനൂറിലധികം പമ്പിംഗുകളാണ് സേന നടത്തിവരുന്നത്. ധാരാളം സേനാബലം ആവശ്യമായി വരുന്ന സമയത്തുണ്ടായ ഈ സ്ഥലംമാറ്റം ജീവനക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. അഗ്‌നിരക്ഷാ സേനയെ നവീകരിക്കുകയും ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുകയും പുന്നമടയില്‍ ഒരു മറൈന്‍ വിംഗ് ആരംഭിക്കുകയും വേണമെന്ന ഹൗസ് ബോട്ട് ഉടമകളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.