Connect with us

Kerala

ഇന്ന് ദളിത് സംഘടനാ ഹര്‍ത്താല്‍

Published

|

Last Updated

തിരുവനന്തപുരം: പട്ടികജാതി- പട്ടികവര്‍ഗ പീഡന നിരോധന നിയമം പുനഃസ്ഥാപിക്കാന്‍ പാര്‍ലിമെന്റ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘടനകളുടെ ഹര്‍ത്താല്‍ ഇന്ന്. മുപ്പതോളം ദളിത് ആദിവാസി സംഘടനകളാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

കെ എസ് ആര്‍ ടി സി ബസുകള്‍ സര്‍വീസ് നടത്തും. സാധാരണ നിലയില്‍ സര്‍വീസ് നടത്താന്‍ എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്ന് കെ എസ് ആര്‍ ടി സി. എം ഡി നിര്‍ദേശം നല്‍കി. ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സര്‍വീസുകളുടെയും വിശദമായ റിപ്പോര്‍ട്ട് രാവിലെയും ഉച്ചക്കും അയക്കണമെന്നും നിര്‍ദേശമുണ്ട്. സംഘര്‍ഷ സാധ്യത ഉണ്ടെങ്കില്‍ പോലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താനും ഡിപ്പോകള്‍ക്ക് എം ഡി നിര്‍ദേശം നല്‍കി.

സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കിയിട്ടുണ്ട്.

ബി എസ് പി, ഡി എച്ച് ആര്‍ എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, നാഷനല്‍ ദളിത് ലിബറേഷന്‍ ഫ്രണ്ട്, ചേരമ സാംബവ ഡെവലപ്‌മെന്റ് സൊസൈറ്റി, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, ദ്രാവിഡ വര്‍ഗ ഐക്യ മുന്നണി തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.