പി എന്‍ ബി തട്ടിപ്പ്: നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

Posted on: April 8, 2018 7:34 pm | Last updated: April 9, 2018 at 3:30 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബേങ്ക് തട്ടിപ്പ് കേസില്‍ മുഖ്യ പ്രതികളായ നീരവ് മോദിക്കും മെഹുല്‍ ചോക്സിക്കും എതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈ സി ബി ഐ കോടതിയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് അന്വേഷിക്കുന്ന സി ബി ഐ സംഘം വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് സി ബി ഐ പ്രത്യേക കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. അന്വേഷണവുമായി തുടര്‍ച്ചയായി ഇവുരും നിസഹകരിച്ചതിനെത്തുടര്‍ന്നാണ് സി ബി ഐ ജാമ്യമില്ലാ വറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് ഇരുവരുടേയും ഔദ്യോഗിക ഇ-മെയില്‍ ഐഡികളിലേക്ക് അന്വേഷണ സംഘം സന്ദേശം അയച്ചിരുന്നു. എന്നാല്‍ ഇരുവരും തള്ളികളയുകയായിരുന്നു. പിഎന്‍ബിയില്‍ നിന്നുള്ള ജാമ്യപത്രം ഉപയോഗിച്ച് തട്ടിപ്പുനടത്തിയ ഇരുവരും പണമെത്തിച്ചത് ഹവാല വഴിയെന്ന് അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. 12,300 കോടിയുടെ തട്ടിപ്പാണ് ഇരുവരും പിഎന്‍ബി വഴി നടത്തിയത്. ഇത്തരത്തില്‍ കണ്ടെത്തിയ പണം മുംബൈയിലെ കമ്പനിയിലേക്ക് ഹാവാല വഴി അതേദിവസം തന്നെ എത്തിക്കുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തട്ടിപ്പിലൂടെ കണ്ടെത്തിയ പണം മെഹുല്‍ ചോക്‌സി ഗീതാഞ്ജലി ജെംസ് എന്ന തന്റെ കമ്പനിയുടെ അക്കൗണ്ടിലേക്ക് മിക്കപ്പോഴും എത്തിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. പലപ്പോഴും വ്യാജ കമ്പനികളുടെ പേരില്‍ ഈപണം പിന്‍വലിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.

നീരവ് മോദിയുടെ കമ്പനികളിലേക്ക് ദിവസങ്ങളെടുത്ത് വ്യാജ ഇടപാടുകളിലൂടെയാണു പണമെത്തിച്ചിരുന്നതെങ്കില്‍ ചോക്‌സി ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ തന്നെ പണം ഇന്ത്യയിലെത്തിച്ചിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. നീരവിന്റെയും ചോക്‌സിയുടെയും പണമിടപാടുകള്‍ സംബന്ധിച്ച് സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), എസ്എഫ്‌സിഒ അടക്കം വിവിധ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്. ഇവരുടെ വ്യാജ ഇടപാടുകള്‍ സംബന്ധിച്ച് ഹോങ്കോങ്ങും ദുബൈയും അടക്കമുള്ള പത്തു കമ്പനികളില്‍നിന്നുള്ള വിവരങ്ങള്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുവരുടെയും പേരിലുള്ള വ്യാജകമ്പനികളില്‍ 20 എണ്ണവും ഹോങ്കോങ്ങും ദുബൈയും ആസ്ഥാനമാക്കിയുള്ളതാണ്. 12,300 കോടിയില്‍ 6,500 കോടിയുടെ ഇടപാടുകള്‍ക്ക് നീരവും 5,800 കോടിയുടേതിന് ചോക്‌സിയുമാണ് ഉത്തരവാദികളെന്നും അന്വേഷണസംഘം വെളിപ്പെടുത്തുന്നു.

വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎന്‍ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍നിന്നു വന്‍തോതില്‍ പണം പിന്‍വലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎന്‍ബിക്കായി. നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിഷാല്‍, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുല്‍ ചിന്നുഭായ് ചോക്‌സി എന്നിവര്‍ പിഎന്‍ബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസ് ഈ മാസം അഞ്ചിനു സിബിഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടു ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 11,346 കോടിയുടെ ക്രമക്കേടുകള്‍ പുറത്തുവന്നത്. 2011 മുതലുള്ള തട്ടിപ്പാണ് ഇതെന്നും റിപ്പോര്‍ട്ടുണ്ട്.