Connect with us

Editorial

തടവുകാരും മനുഷ്യരാണ്

Published

|

Last Updated

കുറ്റവാളികളെങ്കിലും ജയില്‍ തടവുകാര്‍ക്കും ചില അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കുന്നതാണ്, ഉള്‍ക്കൊള്ളാവുന്നതിലും കൂടുതല്‍ പേരെ തടവറകളില്‍ പാര്‍പ്പിക്കുന്നതിനെതിരായി ഈയിടെ വന്ന സുപ്രീം കോടതി വിധി. തടവുകാരെ മൃഗങ്ങള്‍ക്കു സമാനമായി ജയിലില്‍ പാര്‍പ്പിക്കുന്നത് ശരിയല്ല. അവര്‍ക്കുമുണ്ട് മനുഷ്യാവകാശങ്ങളെന്ന് ചൂണ്ടിക്കാട്ടിയ കോടതി യോജിച്ച താമസ സൗകര്യം ഒരുക്കാനാവുന്നില്ലെങ്കില്‍ തടവുകാരെ മോചിപ്പിക്കുന്നതാണ് നല്ലതെന്നും അഭിപ്രായപ്പെട്ടു. ജയിലുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള ബൃഹദ്പദ്ധതി സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ സംസ്ഥാനങ്ങളിലെ ജയില്‍ ഡി ജി പി മാര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ് അയക്കുമെന്നും ജസ്റ്റിസ് എം ബി ലോകുര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ച് മുന്നറിയിപ്പു നല്‍കി. രാജ്യത്തെ 1300 ജയിലുകളിലെ തടവുകാരുടെ എണ്ണം ഉള്‍ക്കൊള്ളാവുന്നതിലും വളരെ കൂടൂതലാണെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.

സംസ്ഥാന സര്‍ക്കാറുകളുടെ താത്പര്യമില്ലായ്മയാണ് തടവുകാരുടെ ബാഹുല്യം ഉള്‍പ്പെടെ ജയിലുകളുടെ ദൗര്‍ഭാഗ്യകരമായ അവസ്ഥക്കു കാരണമെന്നാണ് കോടതി നിരീക്ഷണം. വിചാരണത്തടവുകാരെയും ശിക്ഷാകാലം പൂര്‍ത്തിയാക്കിയവരെയും ജാമ്യത്തിന് അര്‍ഹതയുള്ളവരെയും എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്ന് സംസ്ഥാനങ്ങളില്‍ പ്രത്യേകം രൂപവത്കരിച്ച അണ്ടര്‍ ട്രയല്‍ റിവ്യൂ കമ്മിറ്റി (യു ടി ആര്‍ സി) നിര്‍ദേശിച്ചിരുന്നു. ഉടനടി ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും അഭിപ്രായം അറിയിക്കണം. അത് ലഭിക്കാത്തപക്ഷം സമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള ഉത്തരവ് നല്‍കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജയില്‍ തടവുകാരുടെ ബാഹുല്യത്തിനെതിരെ കോടതികള്‍ നേരത്തെയും ഇടപെട്ടിട്ടുണ്ട്. അഞ്ച് വര്‍ഷം മുമ്പ് മധ്യപ്രദേശില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന “ദൈനിക് ഭാസ്‌കര്‍” പത്രത്തിലെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 1380-ഓളം ജയിലുകളിലെ ദയനീയ സ്ഥിതി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍ സി ലഹോട്ടി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ജയില്‍ അന്തേവാസികളുടെ ബാഹുല്യം മൂലം അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ദുസ്സഹമായ അവസ്ഥയുമാണ് അദ്ദേഹം മുഖ്യമായും ചൂണ്ടിക്കാണിച്ചത്. ജസ്റ്റിസ് ലഹോട്ടിയുടെ പരാമര്‍ശങ്ങള്‍ പൊതുതാത്പര്യ വ്യവഹാരമായി പരിഗണിച്ചു സുപ്രീം കോടതി നടപടികള്‍ എടുക്കുകയും തടവുകാരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി സമഗ്രമായ നടപടികള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വിചാരണത്തടവുകാരന്റെ സ്ഥിതി പരിശോധിച്ചു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഇന്ത്യയിലെ എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപവത്കരിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ജയില്‍ ചട്ടപ്രകാരം ഒരു തടവുകാരന് 3.72 ചതുരശ്ര മീറ്റര്‍ സ്ഥലം വേണം. നിലവില്‍ ഒരു ചതുരശ്ര മീറ്റര്‍പോലുമില്ലാത്ത അവസ്ഥയാണ്. ജയിലുകളില്‍ അടക്കപ്പെട്ടവരില്‍ ഏറെയും വിചാരണാ തടവുകാരാണ്. മൊത്തം തടവുകാരില്‍ മൂന്നില്‍ രണ്ട് വരും ഇവരുടെ എണ്ണം. ഏറ്റവും കൂടുതല്‍ വിചാരണാ തടവുകാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഏഷ്യയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തും ആഗോളടിസ്ഥാനത്തില്‍ 18ാം സ്ഥാനത്തുമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 5840 പുരുഷന്‍മാരെയും 377 സ്ത്രീകളെയുമടക്കം 6217 തടവുകാരെ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള കേരളത്തിലെ 36 ജയിലുകളില്‍ 8140 തടവുകാരുണ്ട്. കഴിഞ്ഞ ഡിസംബര്‍ അവസാനത്തെ കണക്കുപ്രകാരം 727 പേരെ മാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള പൂജപ്പുരയില്‍ 1326 പേരും വിയ്യൂരില്‍ 520 പേര്‍ക്കു പകരം 876ഉം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 840ന് പകരം 1140 പേരും താമസിക്കുന്നു. പരിധിയില്‍ കൂടുതല്‍ പേരുള്ളതിനാല്‍ തടവുകാര്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ജയിലുകളില്‍ പതിവാണ്. പലപ്പോഴും അത് പുറത്തറിയാറില്ലെന്ന് മാത്രം. ജയില്‍ പരിഷ്‌കരണത്തിന് നിര്‍ദേശങ്ങള്‍ നല്‍കാന്‍ നിയോഗിക്കപ്പെട്ട ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ജൂലൈയില്‍ മുഖ്യമന്ത്രി പിണറായിക്ക് സമര്‍പ്പിച്ച റിപ്പേര്‍ട്ടില്‍ സംസ്ഥാനത്തെ നിലവിലെ മൂന്ന് സെന്‍ട്രല്‍ ജയിലുകള്‍ തടവുകാരുടെ ബാഹുല്യത്താല്‍ വീര്‍പ്പുമുട്ടുന്നതിനാല്‍ പുതിയ മൂന്നു പുതിയ സെന്‍ട്രല്‍ ജയിലുകള്‍കൂടി സ്ഥാപിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.

ഭരണഘടനയിലെ 21ാം വകുപ്പ് ഏത് പൗരനും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഉറപ്പ് നല്‍കുന്നുണ്ട്. ജയിലില്‍ അടക്കപ്പെട്ടുവെന്നത് കൊണ്ട് മാത്രം ഇത് ഇല്ലാതാകുന്നില്ല. ജയില്‍ അന്തേവാസികളുടെ അവകാശ സംരക്ഷണത്തിന് ഏറെ പ്രവര്‍ത്തിച്ച നിയമജ്ഞനാണ് ജസ്റ്റിസ് കൃഷ്ണയ്യര്‍. 1978ല്‍ പഞ്ചാബ് ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ തടവുകാര്‍ക്ക് ജയില്‍ ചട്ടങ്ങള്‍ വായിച്ചുനോക്കാന്‍ അവസരം നല്‍കുന്നില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് അത് ലഭ്യമാക്കാന്‍ ജയില്‍ അധികൃതരോട് അദ്ദേഹം ആവശ്യപ്പെടുകയും ഇംഗ്ലീഷ് അറിയാത്തവര്‍ക്കായി പ്രാദേശിക ഭാഷയില്‍ പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. മതിയായ താമസ സൗകര്യത്തോടൊപ്പം വിദ്യാഭ്യാസം, നല്ല ആഹാരം, വൈദ്യസഹായം, കൗണ്‍സിലിംഗ് തുടങ്ങി തടവുകാര്‍ക്ക് ലഭ്യമാക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ചു കോടതികളും മനുഷ്യാവകാശ കമ്മീഷനുകളും പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തടവുകാരുടെ വിദ്യാഭ്യാസപരമായ അവകാശങ്ങള്‍ നിഷേധിക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാകരുതെന്ന് കേരള മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടത് ഒന്നര മാസം മുമ്പാണ്. എന്നാല്‍ ഇത്തരം അവകാശങ്ങളും സൗകര്യങ്ങളും രാഷ്ട്രീയ നേതാക്കളിലും ഇതര തടവുകാരില്‍ ഭരണ, ഉദ്യോഗ തലങ്ങളില്‍ സ്വാധീനമുള്ളവരിലും മാത്രമായി പരിമിതപ്പെടുകയാണ്. സ്വാധീനമുണ്ടെങ്കില്‍ കൊടുംകുറ്റവാളികള്‍ക്ക് പോലും രാജകീയ സൗകര്യമാണ് ലഭ്യമാകാറുള്ളത്. സാധാരണക്കാന്‍ എവിടെയും അവഗണിക്കപ്പെടുന്നു.

Latest