കാവേരി വിഷയത്തിലെ പ്രതിഷേധത്തിന് ഐ പി എല്‍ വേദി ഉപയോഗിക്കണം: രജനീകാന്ത്

Posted on: April 8, 2018 2:20 pm | Last updated: April 9, 2018 at 7:56 pm

ചെന്നൈ: കാവേരി നദീജല വിഷയത്തില്‍ പ്രതിഷേധമറിയിക്കാനുള്ള വേദിയായി ഐ പി എല്ലിനെ മാറ്റണമെന്ന് നടന്‍ രജനീകാന്ത്. ഐ പി എല്‍ കളിക്കാനുള്ള സമയമിതല്ലെന്നും കാവേരി പ്രശ്‌നത്തിലെ പ്രതിഷേധം അറിയിക്കാനായി ചെന്നൈ ടീം അംഗങ്ങള്‍ കറുത്ത ബാഡ്ജ് ധരിച്ച് ഗ്രൗണ്ടിലിറങ്ങണമെന്നും രജനീകാന്ത് ആവശ്യപ്പെട്ടു. കാവേരി വിഷയത്തില്‍ ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മ നടത്തുന്ന ഉപവാസ വേദിയില്‍ സംസാരിക്കവെയാണ് ഇദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ഈ മാസം 10ന് ചെന്നൈ ചെപ്പോക്ക് എം എ ചിദംബരം സ്‌റ്റേഡിയത്തിലാണ് ചെന്നൈയിലെ ആദ്യ ഐ പി എല്‍ മത്സരം. വാതുവെപ്പ് കേസില്‍ അകപ്പെട്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിന് ഏര്‍പ്പെടുത്തിയ വിലക്ക് അവസാനിച്ചതിനെത്തുടര്‍ന്ന് രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ചെന്നൈ വീണ്ടും ഐ പി എല്ലിന് വേദിയാകുന്നത്.