Connect with us

Ongoing News

മെഡല്‍ ഭാരം

Published

|

Last Updated

സഞ്ജിത ചാനു, ദീപക് ലാതര്‍

ഗോള്‍ഡ്‌കോസ്റ്റ്: ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്നു വരുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ രണ്ടാം സ്വര്‍ണം കരസ്ഥമാക്കി. വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തില്‍ സഞ്ജിത ചാനുവാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ തങ്ങളുടെ നാലാം മെഡല്‍ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തതും ഭാരോദ്വഹനത്തിലൂടെ.
പുരുഷന്‍മാരുടെ 69 കിഗ്രാം വിഭാഗത്തില്‍ 18 കാരനായ ദീപക് ലാതര്‍ ഇന്ത്യക്കു വെങ്കലം സമ്മാനിക്കുകയായിരുന്നു. താരത്തിന്റൈ കന്നി കോമണ്‍വെല്‍ത്ത് ഗെയിംസ് കൂടിയാണിത്.

2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും 58 കിലോ വിഭാഗത്തില്‍ സഞ്ജിത സ്വര്‍ണം നേടിയിരുന്നു. ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സഞ്ജിത പ്രതീക്ഷ നിലനിര്‍ത്തി.

192 കിലോ ഭാരം ഉയര്‍ത്തിയാണ് സഞ്ജിത ഇവിടെ സ്വര്‍ണം നേടിയത്. സ്‌നാച്ചില്‍ ഗെയിംസ് റെക്കോര്‍ഡ് പ്രകടനത്തോടെ 84 കിലോയും ക്ലീന്‍ ആന്‍ജ് ജെര്‍ക്കില്‍ 108 കിലോ ഭാരവും ഈ ഇരുപത്തിനാലുകാരി ഉയര്‍ത്തി. ഈ ഇനത്തില്‍ പാപുവാ ന്യൂഗുനിയുടെ ലോ ഡിക വെള്ളിയും കാനഡയുടെ റാച്ചല്‍ ലെബ്ലാങ്ക് വെങ്കലും നേടി. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ മീരാബായി ചാനുവും ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. 56 കിലോ പുരുഷ വിഭാഗത്തില്‍ ഗുരുരാജ വെള്ളിയും സ്വന്തമാക്കി. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് മെഡല്‍ പട്ടികയില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ഹരിയാനയില്‍ നിന്നുള്ള ദീപക് 295 കിഗ്രാം ഉയര്‍ത്തിയാണ് രാജ്യത്തിന്റെ അഭിമാനമായത്. സ്‌നാച്ച് വിഭാഗത്തില്‍ 136 കിഗ്രാമും ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 159ഉം കിഗ്രാം ഉയര്‍ത്താന്‍ താരത്തിനു സാധിച്ചു. രണ്ടു വര്‍ഷം മുമ്പ് സമോവയില്‍ നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയാണ് ദീപക് വരവറിയിച്ചത്.

സ്‌നാച്ചില്‍ 132, 136 കിഗ്രാം ഉയര്‍ത്തിയതോടെയാണ് ദീപക് മെഡല്‍ ഉറപ്പിച്ചത്. 138 കിഗ്രാം ഉയര്‍ത്താനുള്ള താരത്തിന്റെ ശ്രമം പരാജയപ്പെട്ടു. ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 159 കിഗ്രാം ഉയര്‍ത്തിയതോടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ദീപക് കുറിച്ചത്.

നേരത്തേയുള്ള 157 കിഗ്രാമെന്ന സ്വന്തം റെക്കോര്‍ഡ് താരം തിരുത്തുകയായിരുന്നു. മേളയില്‍ ഇന്ത്യക്കു ഇതുവരെ ലഭിച്ച നാലു മെഡലുകളും ഭാരോദ്വഹനത്തില്‍ തന്നെയാണെന്നതാണ് ശ്രദ്ധേയം.

ആദ്യദിനം മീരാബായ് ചാനു സ്വര്‍ണവും ഗുരുരാജ പുജാര വെള്ളിയും കരസ്ഥമാക്കിയിരുന്നു. വെള്ളിയാഴ്ച സഞ്ജിത ചാനു ഇന്ത്യക്ക് ഈയിനത്തില്‍ മറ്റൊരു സ്വര്‍ണം കൂടി സമ്മാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദീപകും മെഡലിന് അവകാശിയായത്.

ബോക്‌സിംഗില്‍ അമിത്, തന്‍വന്‍ ക്വാര്‍ട്ടറില്‍

ബോക്‌സിംഗില്‍ അമിത് പഹല്‍ (49 കി.ഗ്രാം), നമന്‍ തന്‍വര്‍ (91 കി.ഗ്രാം) എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. നമന്‍ തന്‍വാര്‍ ടാന്‍സാനിയയുടെ ഹരുണ മഹാന്‍ഡോയെയാണ് തോല്‍പ്പിച്ചത്. അമിത് ഏകപക്ഷീയമായ മത്സരത്തില്‍ ഘാനയുടെ ടെട്ടെ സുലൈമാനെയെ കീഴടക്കി.
പത്തൊമ്പത് വയസുള്ള തന്‍വാറിന്റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസാണിത്. ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ തന്‍വാര്‍ വെങ്കല മെഡല്‍ നേടിയിരുന്നു.

ഏഷ്യന്‍ വെള്ളി മെഡല്‍ ജേതാവായ സുമിത് സാംഗ്വാനെ മറികടന്നാണ് നമന്‍ തന്‍വാര്‍ ഗെയിംസിന് യോഗ്യത നേടിയത്.
അമിത് മൂന്നാമത്ത് രാജ്യാന്തര സ്വര്‍ണ മെഡലാണ് ലക്ഷ്യമിടുന്നത്.

ഹോക്കിയില്‍ ജയം

വനിതാ ഹോക്കിയില്‍ പൂള്‍ എയിലെ മത്സരത്തില്‍ ഇന്ത്യ 4-1ന് മലേഷ്യയെ തോല്‍പ്പിച്ചു. ഗുര്‍ജിത് കൗര്‍ (6,39) രണ്ട് ഗോളുകള്‍ നേടി. നായിക റാണി (56)യും ലാല്‍റെസിയാമി (59)യും ജയം ആധികാരികമാക്കി.
മലേഷ്യയുടെ ഏക ഗോള്‍ മുപ്പത്തെട്ടാം മിനുട്ടില്‍ നുറെയ്‌നി റാഷിദ് നേടി. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ അതിവേഗത്തിലാണ് ഇന്ത്യ ആക്രമിച്ചു കളിച്ചത്. ഇത് എതിര്‍ടീമിന് ഒത്തിണക്കം നഷ്ടമാക്കി.

തുടരെ മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍. ഡ്രാഗ് ഫഌക്കര്‍ ഗുര്‍ജിത് കൗര്‍ ആറാം മിനുട്ടില്‍ നല്‍കിയ ലീഡ് ഗോള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. മത്സരത്തില്‍ ആധിപത്യം കൈവിടാതെ കളിക്കുന്നതിനിടെ ഒരു ഗോള്‍ ഇന്ത്യ വഴങ്ങി.

സ്‌ക്വാഷില്‍ ജോഷ്‌ന മുന്നേറി

വനിതകളുടെ സ്‌ക്വാഷില്‍ ജോഷ്‌ന ചിന്നപ്പ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം പിടിച്ചപ്പോള്‍ ദീപിക പള്ളിക്കല്‍ പുറത്തായി.
പുരുഷ താരം വിക്രം മല്‍ഹോത്രക്കും അടുത്ത റൗണ്ട് കാണാനായില്ല.ആസ്‌ത്രേലിയയുടെ തമിക സാക്‌സ്ബിയെ 3-0ന് തോല്‍പ്പിച്ചാണ് ചിന്നപ്പയുടെ മുന്നേറ്റം.

ലോക പതിനാലാം നമ്പര്‍ ആയ ചിന്നപ്പക്ക് എതിരാളിയേ ആയില്ല ഓസീസ് താരം. 11-3, 11-6, 11-2നായിരുന്നു ജയം.
ന്യൂസിലാന്‍ഡിന്റെ ജോയ്‌ലെ കിംഗാണ് ക്വാര്‍ട്ടറില്‍ ജോഷ്‌നയുടെ എതിരാളി.
ദീപിക പള്ളിക്കലിന്റെ തോല്‍വി ഉയര്‍ന്ന റാങ്കിംഗുള്ള ഇംഗ്ലണ്ടിന്റെ അലിസന്‍ വാട്ടേഴ്‌സിനോട്. ഇംഗ്ലണ്ടിന്റെ നിക് മാത്യുവാണ് വിക്രം മല്‍ഹോത്രയെ കെട്ടുകെട്ടിച്ചത്.