Connect with us

Business

കൊച്ചിന്‍ പോര്‍ട്ട് വീണ്ടും ലാഭത്തില്‍

Published

|

Last Updated

കൊച്ചി: പത്ത് വര്‍ഷത്തിന് ശേഷം കൊച്ചിന്‍ പോര്‍ട്ട് വീണ്ടും ലാഭത്തിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാല് കോടിയുടെ പ്രവര്‍ത്തന ലാഭമാണ് കൊച്ചിന്‍ പോര്‍ട്ടിനുണ്ടായിരിക്കുന്നത്. ചരക്ക് നീക്കത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടവും കൊച്ചിന്‍ പോര്‍ട്ടിന് സ്വന്തമാക്കാന്‍ കഴിഞ്ഞു.

പ്രവര്‍ത്തന ചെലവ് കുറക്കാന്‍ കഴിഞ്ഞതും ചരക്ക് നീക്കത്തില്‍ വര്‍ധനവുണ്ടായതുമാണ് പോര്‍ട്ട് ട്രസ്റ്റിനെ ലാഭത്തിലെത്തിച്ചതെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ പി രവീന്ദ്രന്‍ പറഞ്ഞു. ചരക്ക് നീക്കത്തില്‍ രാജ്യത്തെ മറ്റ് തുറമുഖങ്ങളെക്കാള്‍ നേട്ടം കൈവരിക്കാനും കൊച്ചി തുറമുഖത്തിന് കഴിഞ്ഞു. 29.14 മില്യണ്‍ മെട്രിക് ടണ്‍ ചരക്ക് നീക്കമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കൊച്ചി തുറമുഖം വഴി നടന്നത്.

2016- 17 സാമ്പത്തിക വര്‍ഷം ഇത് 25.01 മില്യണ്‍ മെട്രിക് ടണ്ണായിരുന്നു. കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്നതില്‍ 13 ശതമാനം വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം തുറമുഖ ട്രസ്റ്റ് നേടിയത്. പെട്രോള്‍, ഓയില്‍, ലൂബ്രിക്കന്റ് കൈകാര്യം ചെയ്യുന്നതില്‍ 18.17 ശതമാനം വര്‍ധന രേഖപ്പെടുത്തി. 42 യാത്രാ കപ്പലുകളാണ് കൊച്ചി തുറമുഖത്ത് എത്തിയത്.

1144 ചരക്ക് കപ്പലുകളാണ് ഇക്കാലയളവില്‍ കൊച്ചിയിലെത്തിയത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പുതുവൈപ്പില്‍ നിര്‍മിക്കുന്ന വിവിധോദ്ദേശ്യ ദ്രാവക ടെര്‍മിനല്‍ (മള്‍ട്ടി യൂസര്‍ ലിക്വിഡ് ടെര്‍മിനല്‍ – എം യു എല്‍ ടി) അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

Latest