ഭീകരവാദത്തിന് പിന്തുണ; ട്വിറ്റര്‍ പത്ത് ലക്ഷം അക്കൗണ്ടുകള്‍ റദ്ദാക്കി

Posted on: April 7, 2018 6:05 am | Last updated: April 6, 2018 at 11:01 pm

വാഷിംഗ്ടണ്‍: ഭീകരവാദത്തെ പിന്തുണക്കുന്നുവെന്ന കാരണത്താല്‍ പത്ത് ലക്ഷത്തോളം അക്കൗണ്ടുകള്‍ റദ്ദാക്കിയതായി ട്വിറ്റര്‍. 2015 മുതലാണ് ഈ നടപടി ആരംഭിച്ചതെന്നും ആക്രമണത്തിനുള്ള വേദിയായി ട്വിറ്ററിനെ ഉപയോഗപ്പെടുത്തുന്നതിനെതിരെയുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്നും ട്വിറ്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

2017 ജൂലൈ- ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ 2,74,460 അക്കൗണ്ടുകള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയതിനാല്‍ റദ്ദാക്കി. ഇത്തരം നടപടികള്‍ ശക്തമാക്കുന്നതിനാല്‍ ട്വിറ്റര്‍ ഉപയോഗപ്പെടുത്തി ഭീകരവാദം വളരുന്നത് കുറയുമെന്നും അത്തരക്കാര്‍ ട്വിറ്റര്‍ ഉപേക്ഷിച്ച് പോകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെ അക്രമത്തിനും മറ്റും പ്രോത്സാഹിപ്പിക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നേരത്തെലോക രാജ്യങ്ങള്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു. ഭീകരവാദത്തിന് പിന്തുണ നല്‍കുന്ന അക്കൗണ്ടുകളില്‍ 74 ശതമാനവും ആദ്യ ട്വീറ്റിന് മുമ്പ് തന്നെ റദ്ദാക്കിയതായും കമ്പനി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.