Connect with us

International

വ്യാപാര യുദ്ധം മുറുകുന്നു; തിരിച്ചടിക്കുമെന്ന് ചൈന

Published

|

Last Updated

ചൈനക്ക് മേല്‍ യു എസ് വീണ്ടും ഇറക്കുമതി തീരുവ ചുമത്തി
വാഷിംഗ്ടണ്‍: ചൈനക്കെതിരെ വീണ്ടും അധിക ഇറക്കുമതി തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ അസ്വാരസ്യം ശക്തമാകുന്നതിനിടയിലാണ് നിലപാട് ശക്തമാക്കി വീണ്ടും അമേരിക്ക രംഗത്തെത്തിയിരിക്കുന്നത്. നൂറ് ബില്യന്‍ ഡോളറിന്റെ അധിക ഇറക്കുമതി തീരുവ ചുമത്താനാണ് ഇപ്പോള്‍ ട്രംപ് ഉത്തരവ് നല്‍കിയിരിക്കുന്നത്. ഇതിന് മുമ്പ് 50 ബില്യന്‍ ഡോളര്‍ മൂല്യം വരുന്ന ഇറക്കുമതി തീരുവ ചൈനക്കെതിരെ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ചൈനയും അമേരിക്കയുടെ നൂറിലധികം വരുന്ന ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ ചുമത്തിയിരിക്കുകയാണ്. ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ട്രംപിന്റെ പുതിയ ഉത്തരവെന്ന് കണക്കാക്കപ്പെടുന്നു.

ചൈനയും അമേരിക്കയും രണ്ട് ലോക ശക്തികളാണെന്നും രണ്ട് പേരും പരസ്പരം സമത്വത്തിലൂടെയും ബഹുമാനത്തിലൂടെയും പെരുമാറുന്നത് അത്യാവശ്യമാണെന്നും ട്രംപിന്റെ പുതിയ ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി പറഞ്ഞു. ചൈനക്കെതിരെ വലിയ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെ അമേരിക്ക തെറ്റായ ഒരുകാര്യമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരുമായും വ്യാപാര യുദ്ധത്തിനില്ലെന്നും എന്നാല്‍ ചൈനക്കെതിരെ നീങ്ങിയാല്‍ ഭയപ്പെട്ട് പിന്നോട്ട് പോകില്ലെന്നും കൊമേഴ്‌സ് മന്ത്രാലയം വക്താവ് ഗാവോ ഫെംഗ് പറഞ്ഞു. ചൈനയുടെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും എതിര്‍പ്പുകളെ അവഗണിച്ച് അമേരിക്ക മുന്നോട്ടുപോകുകയാണെങ്കില്‍ ചൈന എന്ത് വില കൊടുത്തും പ്രതിരോധിക്കാന്‍ തയ്യാറാണ്. രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കാനും ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും വേണ്ടി തിരിച്ചടിക്കാനും രാജ്യം സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest