വിജയിച്ചെന്ന് കരുതിയ മത്സരം കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ശേഷം
  • ബ്ലാസ്‌റ്റേഴ്‌സ് 2-3 നെരാക്കോ
Posted on: April 6, 2018 10:05 pm | Last updated: April 7, 2018 at 10:02 am

ഭുവനേശ്വര്‍: വിജയത്തോടടുത്ത കളി കൈവിട്ട് വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഇരുട്ടടി സമ്മാനിച്ചു. 70 മിനിറ്റു വരെ രണ്ടു ഗോളിന്റെ ലീഡുമായി കുതിച്ച ബ്ലാസ്‌റ്റേഴ്‌സ് അവസാന 12 മിനിറ്റിനിടെ മൂന്നു ഗോള്‍ വഴങ്ങിയാണ് തോല്‍വിയേറ്റു വാങ്ങിയത്. ഇതോടെ കന്നി സൂപ്പര്‍ കപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായി. ബ്ലേസ്‌റ്റേഴ്‌സിനെ തോല്‍പിച്ച നെറോക്ക എഫ്‌സി ക്വാര്‍ട്ടറില്‍ ഐഎസ്എല്‍ റണ്ണേഴ്‌സ് അപ്പായ ബെംഗളൂരു എഫ്‌സിയെ നേരിടും. കേരളത്തിനിന്നുള്ള ഗോകുലം കേരള എഫ്‌സിയെ തോല്‍പ്പിച്ചാണ് ബെംഗളൂരു ക്വാര്‍ട്ടറില്‍ കടന്നത്.

ഭുവനേശ്വറില്‍ നടന്ന മത്സരത്തിന്റെ ഒന്നാം പകുതിയിലും രണ്ടാം പകുതിയുടെ അവസാന ഇരുപത് മിനുട്ട് വരേയും വ്യക്തമായ ആധിപത്യം സ്ഥാപിച്ചാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറിയിരുന്നത്. മത്സരത്തിന്റെ 11ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മധ്യനിര താരം പുള്‍ഗയാണ് സ്‌കോറിംഗ്് തുടങ്ങിയത്. ഒരു ഗോളീന്റെ ലീഡോടെ ഒന്നാം പകുതിക്ക് ശേഷം കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 49ാം മിനുട്ടില്‍ മലയാളി താരം പ്രശാന്ത് ലീഡുയര്‍ത്തി. രണ്ട് ഗോള്‍ ലീഡുമായി 70 മിനുറ്റ് പൂര്‍ത്തിയാക്കിയ ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ദയനീയമായി തോല്‍വി ഏറ്റുവാങ്ങിയത്.

തുടര്‍ന്നുള്ള 12 മിനുട്ടിനിടെ മൂന്ന് തവണ ബ്ലാസ്‌റ്റേഴ്‌സിന്റെ വലകുലുക്കിയ നെറോക്ക വിജയം തട്ടിയെടുത്തു. 70ാം മിനുട്ടില്‍ ജീന്‍ ജൊവാക്കിമും 79ാം മിനുട്ടില്‍ വില്യംസും നെറോക്കക്കു വേണ്ടി വല കുലുക്കി. 82ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നെറോക്ക ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ നെഞ്ചുപിളര്‍ത്തി. സ്വന്തം ബോക്‌സിനുള്ളില്‍ പന്ത് കൈകൊണ്ടു തടുത്ത വെസ് ബ്രൗണിന്റെ പിഴവാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത്. നെറോക്കയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി ചിഡി അനായാസമായി ബ്ലാസ്റ്റേഴ്‌സ് വലയിലെത്തിച്ചു.