മോദി തരംഗം ഭയന്ന് പട്ടിയും പൂച്ചയും കീരിയും വരെ ഒന്നിക്കുന്നുവെന്ന് അമിത്ഷാ

Posted on: April 6, 2018 7:24 pm | Last updated: April 6, 2018 at 10:30 pm

മുംബൈ: ബി ജെ പി ദേശീയ ദിനാഘോഷത്തിനിടെ പ്രതിപക്ഷ പാര്‍ട്ടികളെ താറടിച്ച് ദേശീയ അധ്യക്ഷന്‍ അമിത്ഷാ. മോദി തരംഗത്തെ പേടി പ്രളയം വരുമ്പോള്‍ മൃഗങ്ങള്‍ ഒരുമിക്കുമ്പോലെയാണ് പ്രതിപക്ഷ പാര്‍ട്ടികളൊരുമിക്കുന്നതെന്ന് അമിത്ഷാ പരിഹസിച്ചു. ബി ജെ പിയുടെ 38ാമത് സ്ഥാപക ദിനാഘോഷ ഭാഗമായി മുംബൈയില്‍ സംഘടിപ്പിച്ച കൂറ്റന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബി ജെ പിക്കെതിരെ മുഴുവന്‍ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിച്ച് സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങളെ മോശം പദപ്രയോഗങ്ങള്‍ നടത്തിയാണ് അമിത്ഷാ പരിഹസിച്ചത്. പാമ്പിനോടും പൂച്ചയോടും പട്ടിയോടും വരെ ഉപമിച്ചായിരുന്നു ഷായുടെ പ്രസംഗം.

‘എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിക്കണമെന്നാണ് ഇപ്പോഴത്തെ പ്രചാരണം. വെള്ളപ്പൊക്കം ഉണ്ടായാല്‍ പാമ്പുകളും കീരികളും പൂച്ചകളും നായകളും എന്തിനു ചീറ്റപ്പുലിയും സിംഹവും വരെ ഉയരമുള്ള മരത്തില്‍ വലിഞ്ഞുകയറും. ജലനിരപ്പു കൂടി ജീവന്‍ നഷ്ടപ്പെടുമെന്ന പേടിയിലാണിത്. മോദി പ്രളയത്തെ പലരും ഭയക്കുന്നു’ 2019ലെ പൊതുതിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു. മോദി തരംഗത്തെ ഭയപ്പെട്ടു വിവിധ പ്രത്യയശാസ്ത്രമുള്ള പാര്‍ട്ടികള്‍ ഒരുമിക്കുന്നുവെന്നേ ഉദ്ദേശിച്ചുള്ളൂവെന്നു ഷാ പിന്നീട് വിശദീകരിച്ചു.

‘ഇതല്ല ബി ജെ പിയുടെ സുവര്‍ണ്ണയുഗം. പശ്ചിമ ബംഗാളിലും ഒഡീഷയിലും ബി ജെ പി സര്‍ക്കാര്‍ രൂപീകൃതമായാല്‍ മാത്രമേ ബി ജെ പിയുടെ സുവര്‍ണ്ണയുഗം ആരംഭിക്കുകയുള്ളൂ. രാഹുലും പവാറും ഇത് കേള്‍ക്കണം. ഞങ്ങള്‍ ഒരിക്കലും സംവരണ നയം അവസാനിപ്പിക്കില്ല. ഇനി നിങ്ങള്‍ അങ്ങനെ ആഗ്രഹിച്ചാല്‍ പോലും ബി ജെ പി അത് അനുവദിക്കില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.