Connect with us

Kerala

ദേശീയ പാത സര്‍വേ: വേങ്ങര എആര്‍ നഗറില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

Published

|

Last Updated

തിരൂരങ്ങാടി: ദേശീയ പാത വികസനത്തിന് സര്‍വേ നടത്തുന്നതുമായി ബന്ധപ്പെട്ട് അരീതോട്, വലിയപറമ്പ് ഭാഗങ്ങളില്‍ ഏറെനേരം സംഘര്‍ഷം. പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിലും കല്ലേറിലും നിരവധി പേര്‍ക്ക് പരുക്കേറ്റു. സമരക്കാര്‍ നടത്തിയ കല്ലേറില്‍ ഏതാനും പോലീസുകാര്‍ക്കും പരുക്കേറ്റു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് കൂടുതലും പരുക്കേറ്റത്.

വലിയപറമ്പ് സി എച്ച് അസ്മില്‍ ഇര്‍ഫാന്‍(രണ്ടര), റിഫ്‌ന റസ്മിയ(12), സി എച്ച് സമീറ, കാവുങ്ങല്‍ സഫീറ(22), കാവുങ്ങല്‍ റസിയ(42), സി എച്ച് റിന്‍ശ മിസറിയ(14), സി എച്ച് ഫസീഹ മഹ്ദിയ(രണ്ട്), വെളിമുക്ക് കല്ലറത്തൊടി മുഹമ്മദ് അശ്‌റഫ്(28) എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂരങ്ങാടി സി ഐ ഇ സുനില്‍ കുമാര്‍ അടക്കം 19 പോലീസുകാര്‍ക്കും പരുക്കേറ്റു. ഡി വൈ എസ് പി ജലീല്‍ തോട്ടത്തില്‍, കെ എ പി സംഘത്തിലെ ശ്യാംജിത്ത്, അംജിത്ത്, സജികുമാര്‍, ഹരിലക്ഷ്മണല്‍, സുനില്‍തങ്കപ്പന്‍, രാകേഷ്, വിവേക്, കിരണ്‍കുമാര്‍, എ ആര്‍ ക്യാമ്പിലെ കെ പി ശൈലേഷ്, എം ഹരിലക്ഷ്മണന്‍ കരിപ്പൂര്‍ പോലീസ് സ്‌റ്റേഷനിലെ മുനീര്‍, കെ പി അഭിലാഷ്, കെ പി അരുണ്‍, സി പി മുഹമ്മദ് കബീര്‍, ടി സിദ്ദീഖ്, എം ശ്രീനാഥ്, എം പി അബ്ദുസ്സലാം എന്നിവരാണ് പരുക്കേറ്റ പോലീസുകാര്‍.

സര്‍വേ വലിയപറമ്പില്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം ഉണ്ടായത്. അലൈന്‍മെന്റില്‍ ഉള്‍പ്പെട്ട സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കല്ല്‌നാട്ടാന്‍ എത്തിയതോടെ സമരക്കാര്‍ മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ഇവരെ പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു. പോലീസിന്റെ അടിയില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇതോടെ പോലീസിന് നേരെ കല്ലേറ് വന്നു. പോലീസ് തിരിച്ചും കല്ലെറിഞ്ഞു. ഇതിനിടെ പോലീസ് പരിസരത്തെ വീടുകളില്‍ കയറി വാതിലിന് ചവിവിട്ടുകയും സ്ത്രീകളെയടക്കം അസഭ്യം പറഞ്ഞതായും ആരോപണമുണ്ട്. സി എച്ച് യാസീന്റെ വീട്ടില്‍ പോലീസ് അതിക്രമിച്ചുകടന്നപ്പോള്‍ യാസീന്റെ സഹോദരപുത്രി റിഫ്‌ന റസ്മിയ(12)ക്ക് പരുക്കുപറ്റി. റസ്മിയയെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോലീസിന്റെ ലാത്തിപ്രയോഗത്തോടെ ചിതറിയോടിയ സമരക്കാര്‍ ദേശീയപാതയില്‍ വലിയ പറമ്പില്‍ റോഡ് തടസ്സപ്പെടുത്തി മരങ്ങളും കുപ്പിച്ചില്ലുകളും വലിച്ചിടുകയും റോഡില്‍ ടയര്‍ കത്തിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെടുകയും വാഹനങ്ങള്‍ വഴി തിരിച്ചുവിടുകയും ചെയ്തു. റോഡിലെ ഗതാഗത തടസ്സം നീക്കാനെത്തിയ പോലീസിന് നേരെയും കല്ലേറുണ്ടായതോടെ പോലീസ് തിരിച്ചും കല്ലേറ് നടത്തി. സമീപത്തെ കടകളിലേക്കും പറമ്പുകളിലേക്കും പോലീസ് കല്ലെറിഞ്ഞു. ഇതോടെ ദേശീയപാത തീര്‍ത്തും യുദ്ധക്കളമായി. ആളുകള്‍ പിരിഞ്ഞുപോകാനായി പോലീസ് ഗ്രനേഡ് പ്രയോഗവും നടത്തി. ഫയര്‍ഫോഴ്‌സ് എത്തിയാണ് റോഡിലെ തീ യണച്ചത്.

റോഡരികിലെ പുല്ലുകള്‍ക്കും തീവെച്ചു. ഈ സമയം ദേശീയ പാത അധികൃതര്‍ സര്‍വേ നടപടികളുമായി മുന്നോട്ടുനീങ്ങി. അരീതോടിലും പ്രതിഷേധക്കാര്‍ റോഡില്‍ തീയിട്ട് കത്തിച്ചു. ഇതുവഴി വന്ന തിരൂരങ്ങാടി എസ് ഐക്ക് തിരിച്ചുപോരേണ്ടിവന്നു. ഇവിടെയും പോലീസും സമരക്കാരും തമ്മില്‍ ഏറെനേരം കല്ലേറ് നടന്നു. അതേസമയം റോഡരികില്‍ നില്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ പോലീസ് അടിച്ചുതകര്‍ത്തതായും ബൈക്കുകളിലുണ്ടായിരുന്ന ഹെല്‍മെറ്റുകള്‍ എടുത്തതായും വ്യാപക പരാതിയുണ്ട്.

എ ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് സി പി എം അംഗം വലിയ പറമ്പിലെ കരുപ ശമീര്‍(43), അരീതോട് ചുക്കാന്‍ ജാബിര്‍(30), കുന്നുംപുറം കൊടക്കല്ല് പുലിക്കോട് റശീദ്(34), എ ആര്‍ നഗര്‍ കൊടിഞ്ഞിപ്പള്ളിക്കല്‍ ശിഹാബ്(28), വലിയപറമ്പ് പുളിശ്ശേരി അശ്‌റഫ് (38), വലിയപറമ്പ് കരുപറമ്പ് മുശ്താഖ്(28), ഇരുമ്പുചോല തൊട്ടിയില്‍ അജ്മല്‍ (23), അരീതോട് പാലോളി മുഹമ്മദ് സുലൈമാന്‍(29), പുകയൂര്‍ കുറുക്കനാലുങ്ങല്‍ റഫീഖ്(24), കൊടുവായൂര്‍ പാലമഛത്തില്‍ പുതുപ്പറമ്പില്‍ അജ്മല്‍(28), കൊടുവായൂര്‍ കൂളിപ്പിലാക്കല്‍ അബ്ദുറസാഖ് (29), വികെ പടി കുപ്പേരിഫാഇസ് (22), മമ്പുറം ഇരുകുളങ്ങര റാശിദ്(21) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.