ഏപ്രില്‍ 12ന് കര്‍ണാടക ബന്ദ്

Posted on: April 6, 2018 6:05 am | Last updated: April 5, 2018 at 11:34 pm

ബെംഗളൂരു: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ 12ന് ബന്ദ് നടത്തും. കന്നഡ ചുലുവാലി വറ്റാല്‍ ഉള്‍പ്പെടെയുള്ള വിവിധ കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംഘടനയുടെ പ്രസിഡന്റ് വാട്ടാള്‍ നാഗരാജ് തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അറിയിച്ചു.

രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബന്ദ്. തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്ന ആത്തിബല ടൗണില്‍ പ്രതിഷേധം നടത്തിയതിന് വാട്ടാള്‍ നാഗരാജിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരെ ഇന്നലെ പോലീസ് അറസ്റ്റ് ചെയതിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ബന്ദ് നടത്താന്‍ വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തത്.

കാവേരി നദീജല തര്‍ക്കം സംബന്ധിച്ച് സമീപനാളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ വിധി കര്‍ണാടക്ക് ആശ്വാസം നല്‍കിയിരുന്നുവെങ്കിലും കാവേരി വാട്ടര്‍ മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന നിര്‍ദേശം തിരിച്ചടിയായിരുന്നു. കര്‍ണാടകത്തിന് അധികജലം നല്‍കണമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി വിധിയില്‍ തമിഴ്‌നാടിന്റെ വിഹിതം വെട്ടി ക്കുറക്കാനാണ് നിര്‍ദേശിച്ചത്. കര്‍ണാടകത്തിന് 14.75 ഘനയടി വെള്ളം അധികമായി നല്‍കണമെന്ന് വിധിയില്‍ പറയുന്നു. അതേസമയം, തമിഴ്‌നാടിന് 177.25 ഘനയടി വെള്ളം മാത്രം നല്‍കിയാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. തമിഴ്‌നാടിന് 192 ഘനയടി ജലം നല്‍കാനായിരുന്നു ട്രൈബ്യൂണലിന്റെ വിധി.

കാവേരിയില്‍ നിന്ന് 99.8 ഘനയടി ജലം വിട്ടുകിട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ഘനയടി എന്ന അളവ് തുടരാനാണ് സുപ്രീം കോടതി വിധിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സുപ്രധാനമായ വിധി പ്രഖ്യാപിച്ചത്.