Connect with us

Gulf

'ദുബൈ കല്യാണം' പൊടിപൊടിച്ചു

Published

|

Last Updated

വരന്മാര്‍ ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിനൊപ്പം. ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖതാമി, ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് ജനറല്‍ മാനേജര്‍ ഡോ. ഉമര്‍ ഖതീബി ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി
എന്നിവരെയും കാണാം

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്റര്‍ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് ഗംഭീര മംഗല്യ സംഗമത്തിന്. “ദുബൈ കല്യാണം” എന്ന സമൂഹ വിവാഹ സംഗമത്തില്‍ പെണ്‍കൊടികള്‍ക്ക് വരന്മാരായത് ദുബൈ നഗരസഭ, ദുബൈ ഹെല്‍ത്ത് അതോറിറ്റി, ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് എന്നിവിടങ്ങളിലായി ജോലി ചെയ്യുന്ന 48 ജീവനക്കാര്‍.

ദുബൈ ഉപ ഭരണാധികാരിയും യു എ ഇ ധനകാര്യ മന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു വിവാഹം. വിവാഹ സംഗമത്തിന് സാക്ഷിയാകാന്‍ ശൈഖ് ഹംദാനുമെത്തിയിരുന്നു.

ദുബൈ ഹെല്‍ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖതാമി, ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്റ്റിവിറ്റീസ് ഡിപ്പാര്‍ട്‌മെന്റ് ജനറല്‍ മാനേജര്‍ ഡോ. ഉമര്‍ ഖതീബി, ദുബൈ നഗരസഭാ ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി തുടങ്ങി വിശിഷ്ട വ്യക്തിത്വങ്ങളും പ്രമുഖ കുടുംബാംഗങ്ങളും വധൂവരന്മാരുടെ ബന്ധുക്കളും ചടങ്ങില്‍ പങ്കുകൊണ്ടു.

യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.
പരമ്പരാഗത അറബ് നൃത്തവും വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. വധൂവരന്മാര്‍ക്ക് സന്തോഷകരമായ ജീവിതം നേരുന്നുവെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ ദാവൂദ് അല്‍ ഹജ്‌രി ആശംസിച്ചു. പ്രാദേശിക സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരുടെ സമൂഹ വിവാഹച്ചടങ്ങില്‍ ഒന്‍പത് വര്‍ഷമായി ദുബൈ നഗരസഭയുടെ പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സായിദ് വര്‍ഷം ആചരിക്കുന്ന വേളയില്‍ രാഷ്ട്രപിതാവ് കാണിച്ചുതന്ന എളിമയും മിതവ്യയവും പിന്‍പറ്റിയായിരുന്നു ചടങ്ങുകള്‍.
.
സമൂഹ വിവാഹച്ചടങ്ങെന്നത് ഓരോ വര്‍ഷവും നടത്തുന്ന പരമ്പരാഗത ആഘോഷം മാത്രമല്ല, അതിലൊരു വലിയ സാമൂഹിക മൂല്യംകൂടിയുണ്ടെന്ന് ഡി എച്ച് എ ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖതാമി പറഞ്ഞു.

Latest