കാവേരി പ്രശ്‌നം: തമിഴ്‌നാട്ടില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ബന്ദ് തുടങ്ങി

Posted on: April 5, 2018 10:39 am | Last updated: April 5, 2018 at 1:20 pm
SHARE

ചെന്നൈ: കാവേരി മാനേജ്‌മെന്റ് ബോര്‍ഡും കാവേരി വാട്ടര്‍ റഗുലേറ്ററി കമ്മിറ്റിയും രൂപവത്കരിക്കാത്ത കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് ആരംഭിച്ചു. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, തുടങ്ങി എട്ടോളം പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളുമാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

തമിഴ്‌നാട്ടിലെ കടകള്‍ എല്ലാം തന്നെ അടഞ്ഞ് കിടക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ റോഡില്‍ ഇറങ്ങി പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസ് കനത്ത സുരക്ഷ ഏഏര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി. ജല്ലിക്കട്ട് മോഡല്‍ പ്രതിഷേധം നടത്തി പ്രശ്‌നത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ പ്രതിരോധത്തിലാക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

ഏപ്രില്‍ പതിനൊന്നിന് പ്രധാന മന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട് സന്ദര്‍ശിക്കുമ്പോള്‍ അദ്ദേഹത്തിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്താനും ഡിഎംകെ യോഗത്തില്‍ ധാരണയായിരുന്നു. മാര്‍ച്ച് 29 നകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡുള്‍പ്പെടെ രൂപവത്കരിക്കണമെന്നായിരുന്നു സുപ്രീം കോടതി നിര്‍ദേശം. ഈ നിര്‍ദേശം അട്ടിമറിക്കപ്പെടുകയാണെന്നാണ് തമിഴ്‌നാടിന്റെ ആരോപണം.

അതേസമയം, കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരണം ആവശ്യപ്പെടുന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ക്കെതിരെ ഇന്ന് കന്നഡ സംഘടനകളും പ്രതിഷേധിക്കും. തമിഴ്‌നാട് അതിര്‍ത്തിയായ അത്തിബലെയിലേക്ക് സംഘനകള്‍ മാര്‍ച്ച് നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here