Connect with us

Kerala

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

Published

|

Last Updated

കൊല്ലം: ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത് (56) അന്തരിച്ചു. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അജിത്ത് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഞ്ഞൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു. 1984ല്‍ പദ്മരാജന്‍ സംവിധാനം ചെയ്ത “പറന്ന് പറന്ന് പറന്ന്” എന്ന സിനിമയില്‍ ചെറിയ വേഷത്തിലാണ് തുടക്കം. പിന്നീട് പദ്മരാജന്റെ മിക്ക ചിത്രങ്ങളിലൂം വേഷമിട്ടു. 1989 ല്‍ പുറത്തിറങ്ങിയ അഗ്‌നിപ്രവേശം എന്ന ചിത്രത്തില്‍ നായകനായി. നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെയായി അഭിനയരംഗത്ത് തിളങ്ങിയ അജിത്ത് “കോളിംഗ് ബെല്‍” എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. തെരുവിലുപേക്ഷിക്കപ്പെടുന്ന ചോരക്കുഞ്ഞുങ്ങളെ എടുത്ത് അനാഥാലയങ്ങളില്‍ എത്തിക്കുന്ന കള്ളന്റെ കഥയാണ് കോളിംഗ് ബെല്‍ പറഞ്ഞത്. റെയില്‍വേ സ്‌റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റേയും സരസ്വതിയൂടേയും മകനാണ്. 2012ല്‍ ഇറങ്ങിയ അര്‍ധനാരിയാണ് ഒടുവില്‍ അഭിനയിച്ച ചിത്രം.

സ്വദേശമായ കൊല്ലത്തേക്ക് കൊണ്ടുപോയ മൃതദേഹം വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം വൈകീട്ട് ആറ് മണിക്ക് സംസ്‌കരിക്കും. പ്രമീളയാണ് ഭാര്യ. ഗായത്രി, ശ്രീഹരി എന്നിവര്‍ മക്കളാണ്.

 

 

Latest