ഐ ആര്‍ എയുടെ നൂറിലധികം അക്കൗണ്ടുകള്‍ക്ക് ഫേസ്ബുക്കിന്റെ പൂട്ട്

Posted on: April 5, 2018 6:13 am | Last updated: April 4, 2018 at 11:18 pm

ന്യൂയോര്‍ക്ക്: റഷ്യന്‍ ഇന്റലിജന്‍സ് സര്‍വീസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് റിസര്‍ച്ച് ഏജന്‍സി(ഐ ആര്‍ എ)യുടെ 135 എക്കൗണ്ടുകളും 138 പേജുകളും ഫേസ്ബുക്ക് നീക്കം ചെയ്തു. 2016ല്‍ നടന്ന യു എസ് പൊതുതിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഐ ആര്‍ എ ശ്രമിച്ചതായി യു എസ് സ്‌പെഷ്യല്‍ കൗണ്‍സില്‍ റോബര്‍ട്ട് മുള്ളര്‍ വ്യക്തമാക്കിയിരുന്നു. ഫേസ് ബുക്ക് അക്കൗണ്ടുകളും പേജുകളും നീക്കം ചെയ്യുന്നത് ഇവയിലെ ഉള്ളടക്കം മൂലമല്ലെന്നും മറിച്ച് ഐ ആര്‍ എയുമായുള്ള ബന്ധം കൊണ്ട് മാത്രമാണെന്നും ഫേസ്ബുക്ക് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതുകൊണ്ടാണ് അവരെ ഫേസ്ബുക്കില്‍ വേണ്ടെന്ന് തീരുമാനിച്ചതെന്നും ഫേസ്ബുക്ക് സുരക്ഷാ മേധാവി അലക്‌സ് സ്റ്റാമോസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ മുള്ളര്‍ നടത്തിയ അന്വേഷണത്തിനിടെ, 13 റഷ്യന്‍ പൗരന്മാര്‍ക്ക് ഐ ആര്‍ എയുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന വിമര്‍ശം ശക്തമായതോടെയാണ് കമ്പനി നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.

2016ല്‍ നടന്ന യു എസ് തിരഞ്ഞെടുപ്പില്‍ സൈബര്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി റഷ്യ ഇടപെട്ടതായി നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. ഇതിന്റെ പേരില്‍ റഷ്യക്കെതിരെ യു എസ് ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.