ദുബൈ: കപ്പല്‍ ജോലികളില്‍ നിയമനം നടത്തുന്ന ചില റിക്രൂട്ടിങ് ഏജന്‍സികളെ ഇന്ത്യ കരിമ്പട്ടികയില്‍പെടുത്തി. ഏതാനും കപ്പല്‍ ജോലിക്കാര്‍ യു എ ഇ തീരത്ത് 22 മാസം കപ്പലില്‍ കുടുങ്ങിക്കിടക്കാനിടയായ സംഭവമാണ് നടപടിക്ക് കാരണം. ഷാ അല്‍ അറബ്, എന്‍ജാസ്, എംവി അസബ്, ഷാര്‍ജാ മൂണ്‍, അല്‍കോ ഷിപ്പിങ് സര്‍വീസസ്, അസ്വ എന്നീ കമ്പനികളെയാണു കേന്ദ്ര കപ്പല്‍ മന്ത്രാലയത്തിനു കീഴിലുള്ള ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിങ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
റിക്രൂട്ടിങ് ഏജന്‍സികളും തൊഴിലുടമകളും കൈവിട്ടതുമൂലമാണ് ഇന്ത്യക്കാര്‍ സഹായിക്കാനാരുമില്ലാതെ 22 മാസം നടുക്കടലില്‍ കപ്പലില്‍ കുടുങ്ങിയത്. ദുരിതത്തിലായ ഇവര്‍ക്കു മാസങ്ങളോളം ശമ്പളം ലഭിച്ചില്ല. ഏതാനുംപേരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ക്കു സാധിച്ചിട്ടുണ്ട്. എന്നാല്‍ റിക്രൂട്ടിങ് കമ്പനികളുടെ അനാസ്ഥമൂലം കുടുങ്ങിയ ഇന്ത്യന്‍ ജോലിക്കാരുടെ യഥാര്‍ഥ കണക്കു ലഭ്യമല്ല. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച ഈ കമ്പനികള്‍ റിക്രൂട്‌മെന്റ് തുടരുന്ന സാഹചര്യത്തിലാണു കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. ലോകമെമ്പാടും കപ്പലുകളില്‍ അരലക്ഷത്തോളം ഇന്ത്യക്കാര്‍ ജോലിയെടുക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടപടിയെ ഇന്ത്യന്‍ നാഷനല്‍ ഷിപ് ഓണേഴ്സ് അസോസിയേഷന്‍ സിഇഒ അനില്‍ ദേവ്ലി സ്വാഗതം ചെയ്തു.