യു എ ഇ മിനിമം വേതന നിയമം നടപ്പാക്കില്ല

Posted on: April 4, 2018 9:54 pm | Last updated: April 4, 2018 at 9:54 pm

ദുബൈ: മിനിമം വേതന നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യു എ ഇ മാനവ വിഭവ സ്വദേശി വത്കരണ മന്ത്രാലയം വ്യക്തമാക്കി.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് താമസിയാതെ കുറഞ്ഞ വേതനം പ്രഖ്യാപിക്കും എന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അധികൃതര്‍. തൊഴിലാളിയും തൊഴിലുടമയും പരസ്പരം ഉണ്ടാക്കുന്ന കരാര്‍ മതിയെന്നാണ് രാജ്യത്തിന്റെ തീരുമാനം. പാരസ്പര്യത്തിലൂടെയുള്ള തൊഴില്‍ കമ്പോളം ആയിരക്കണക്കിന് സാധ്യതകള്‍ തുറന്നിടും. സ്വതന്ത്ര തൊഴില്‍ കമ്പോളമാണ് യു എ ഇക്ക് അഭികാമ്യം.

ആവശ്യവും വിതരണവും സന്തുലിതമാകുന്ന അവസ്ഥ ഈ നയത്തിലൂടെ സംജാതമാകും. ഓരോ വര്‍ഷവും ആയിരക്കണക്കിന് അതിഥി തൊഴിലാളികളെ ഉള്‍ക്കൊള്ളാനാകും. സുസ്ഥിര സാമ്പത്തിക വികസനത്തിന് ഇത് അനിവാര്യമാണ്. ഗാര്‍ഹിക തൊഴിലാക്കികള്‍ക്കു കുറഞ്ഞ വേതനം നടപ്പാക്കുമെന്ന പ്രചാരണങ്ങള്‍ക്ക് മന്ത്രാലയം ഉത്തരവാദിയല്ല. അതേസമയം ഗാര്‍ഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് രാജ്യം പല നടപടികളും കൈക്കൊണ്ടിട്ടുണ്ട്. തൊഴിലുടമകളും തൊഴിലാളികളും യോജിപ്പിലെത്തുന്ന നയം പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരത്തെ നടപ്പാക്കിയതാണ്. അവ എല്ലാവരുടെയും സംതൃപ്തി സംരക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.