Connect with us

Kerala

ഏപ്രില്‍ മധ്യത്തോടെ എല്ലാ റേഷന്‍ കടകളിലും ഇ പോസ് മെഷീന്‍

Published

|

Last Updated

തിരുവനന്തപുരം: ഏപ്രില്‍ മധ്യത്തോടെ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും ഇ പോസ് മെഷീനുകള്‍ സ്ഥാപിക്കുമെന്ന്്് മന്ത്രി പി തിലോത്തമന്‍ നിയമസഭയില്‍ അറിയിച്ചു. എഫ് സി ഐയില്‍ നിന്നും ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതുമുതല്‍ റേഷന്‍ കടകളിലൂടെ ഉപഭോക്താവിന് ലഭിക്കുന്നതുവരെയുള്ള റേഷന്‍ വിതരണം സുതാര്യമാക്കുന്നതിനായുള്ള ഇ പോസ് മെഷീനുകള്‍, കേരളത്തിലെ ഭൂരിഭാഗം റേഷന്‍ കടകളിലും വിതരണം ചെയ്തു കഴിഞ്ഞു. ഇ പോസ് മെഷീന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകുന്നതോടു കൂടി റേഷന്‍ വിഹിതം അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ തന്നെ എത്തുമെന്നും ഇതു സംബന്ധിച്ച വി കെ ഇബ്രാഹിം കുഞ്ഞിന്റെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി.

റേഷന്‍ വ്യാപാരികള്‍ക്കുള്ള പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റേഷന്‍കാര്‍ഡുകളുടെ എണ്ണം കടകളുടെ അടിസ്ഥാനത്തില്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ സമ്പ്രദായത്തിലുള്ള പ്രധാന വിഭാഗമായ റേഷന്‍കട ലൈസന്‍സികള്‍, താല്‍ക്കാലിക റേഷന്‍ കടകളുള്‍പ്പെടെ പരമാവധി റേഷന്‍ കടകള്‍ നിലനിര്‍ത്തും. തികച്ചും നഷ്ടത്തിലുള്ള കടകള്‍ ലയിപ്പിച്ച് ലാഭകരമായ രീതിയില്‍ നിലനിര്‍ത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കും. നിലവില്‍ സംസ്ഥാനത്ത് 178 താല്‍ക്കാലിക ലൈസന്‍സികളാണുള്ളത്. അതില്‍ 19 എണ്ണം എറണാകുളം ജില്ലയിലാണ്. 1966ലെ റേഷനിംഗ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികമായി റേഷന്‍കട ലൈസന്‍സികളെ നിയമിക്കുന്നത്. അങ്ങനെ നിയമിക്കപ്പെടുന്ന ലൈസന്‍സികള്‍ക്ക് സ്ഥിരം നിയമനത്തിന് പരിഗണിക്കുമ്പോള്‍ യാതൊരു നിയമപരമായ മുന്‍ഗണനയും ലഭിക്കില്ലെന്ന് ഉത്തരവില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിലവിലുള്ള താല്‍ക്കാലിക റേഷന്‍ കടകളെ 2018 മാര്‍ച്ച് 31 മുതല്‍ മൂന്ന് മാസത്തേക്ക് കൂടി പ്രവര്‍ത്തിക്കാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

 

Latest