വര്‍ക്കല ഭൂമിയിടപാട്: ദിവ്യ എസ് അയ്യര്‍ക്ക് സ്ഥലം മാറ്റം

Posted on: April 4, 2018 7:31 pm | Last updated: April 5, 2018 at 10:00 am

തിരുവനന്തപുരം: വര്‍ക്കല ഭൂമിയിടപാടിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യാ എസ് അയ്യര്‍ക്ക് സ്ഥാനചലനം. തദ്ദേശ ഭരണ വകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറിയായാണ് പുതിയ നിയമനം. പകരം ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ ഇമ്പാ ശേഖറിനെ തിരുവനന്തപുരം സബ് കലക്ടറായി നിയമിക്കും. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ 27 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തിക്ക്്് പതിച്ചുനല്‍കിയെന്നായിരുന്നു ആരോപണം. വര്‍ക്കല അയിരൂരില്‍ ലിജി എന്ന വ്യക്തിയാണ് ഭൂമി കൈവശം വെച്ചിരുന്നത്്. ദിവ്യാ എസ് അയ്യരുടെ ഭര്‍ത്താവായ കെ എസ് ശബരീനാഥന്‍ എം എല്‍ എയുടെ പിതാവ് ജി കാര്‍ത്തികേയന്റെ ഗണ്‍മാനായിരുന്ന വ്യക്തിയുടെ ബന്ധുവാണ് ലിജി.

ലിജി കൈവശം വെച്ചിരുന്ന ഭൂമി സര്‍ക്കാര്‍ ഭൂമിയെന്ന് കാണിച്ച് തഹസില്‍ദാര്‍ ഏറ്റെടുത്തു. ഈ നടപടിയാണ് സബ് കലക്ടറായിരുന്ന ദിവ്യാ എസ് അയ്യര്‍ റദ്ദാക്കിയത്. സംഭവം വിവാദമായതോടെ വി ജോയ് എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ചു. തുടര്‍ന്നായിരുന്നു റവന്യൂ വകുപ്പിന്റെ നടപടി. ദിവ്യാ എസ് അയ്യരുടെ നടപടി റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു. മാത്രമല്ല സംഭവം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷിക്കുകയുമാണ്. കാട്ടാക്കട മണ്ണൂര്‍ക്കര വില്ലേജിലെ പഞ്ചായത്ത് ചന്ത ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചുനല്‍കിയെന്നും ദിവ്യാ എസ് അയ്യര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.