കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്തി; നിയമസഭ ബില്‍ പാസാക്കിയത് ഐക്യകണ്‌ഠേന

Posted on: April 4, 2018 3:10 pm | Last updated: April 5, 2018 at 12:25 am

തിരുവനന്തപുരം : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം ക്രമപ്പെടുത്താനായി കേരള പ്രൊഫഷണല്‍ കോളജ് പ്രവേശന ബില്‍ നിയമസഭ പാസാക്കി. ഇതോടെ 180 വിദ്യാര്‍ഥികളുടെ പ്രവേശനത്തിന് നിയമസാധുതയായി. ക്രമവിരുദ്ധമായ പ്രവേശനം നിയമാനുസ്യതമാക്കാനുള്ള സര്‍ക്കാറിന്റെ ശ്രമങ്ങള്‍ക്കൊപ്പം പ്രതിപക്ഷവും നിലയുറപ്പിച്ചതോടെ ബില്‍ ഐക്യകണ്‌ഠേന പാസാവുകയായിരുന്നു.

അതേ സമയം ബില്‍ സ്വകാര്യ മേഖലയെ സാഹായിക്കാനാണെന്ന് കോണ്‍ഗ്രസ് അംഗമായ വി ടി ബല്‍റാം ആരോപിച്ചു. എന്നാല്‍ ഈ ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തള്ളി. വിദ്യാര്‍ഥികളുടെ നല്ല ഭാവിയെക്കരുതിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. പ്രവേശനത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിന്റെ സാധുത സംബന്ധിച്ച കേസ് സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെയാണ് തിടുക്കത്തില്‍ ബില്‍ പാസ്സാക്കിയത്.

രണ്ട് ലകോളജുകളും നിയമവിരുദ്ധമായി നടത്തിയ വിദ്യാര്‍ഥികളുടെ പ്രവേശനം ജയിംസ് കമ്മറ്റി തള്ളിയിരുന്നു. ഇത് ഹൈക്കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. എന്നാല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഈ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.