വടകരയിലെ മോര്‍ഫിംഗ് കേസ്: മുഖ്യപ്രതി ബിബീഷ് പിടിയില്‍

Posted on: April 4, 2018 9:38 am | Last updated: April 4, 2018 at 11:39 pm
മോര്‍ഫിംഗ് കേസ് പ്രതി ബിബീഷിനെ പോലീസ് സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍

വടകര: വിവാഹ ചിത്രങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച കേസില്‍ മുഖ്യ പ്രതി അറസ്റ്റില്‍. വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റിലെ വീഡിയോ എഡിറ്റര്‍ കക്കട്ടില്‍ ചീക്കോന്ന് വെസ്റ്റിലെ കൈവേലിക്കല്‍ ബിബീഷ് (35) ആണ് അറസ്റ്റിലായത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഇടുക്കി രാജമലയിലെ റബ്ബര്‍ എസ്റ്റേറ്റിലെ തകര്‍ന്ന ഷെഡില്‍ ഒളിവില്‍ കഴിയവെയാണ് പോലീസിന്റെ പിടിയിലാകുന്നത്. ബിബീഷിന്റെ ഭാര്യവീട്ടുകാരുടെ സഹായത്തോടെയാണ് പ്രതിക്ക് ഒളിവില്‍ കഴിയാന്‍ സൗകര്യം ഒരുക്കിയത്.

ഐ ടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍, ഐ പി സി 354, 66 എ, 66 ഡി, 67 ഡി എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. മോര്‍ഫിംഗ് സംഭവത്തില്‍ കേസെടുത്തതോടെ വയനാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് ഇടുക്കിയിലേക്ക് താമസം മാറ്റിയത്. മൊബൈല്‍ നമ്പര്‍ പലതവണ മാറ്റിയതിനാല്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലം കണ്ടെത്താനും ഏറെ ബുദ്ധിമുട്ടി. മുന്‍കൂര്‍ ജാമ്യത്തിനായി കോഴിക്കോടുള്ള അഭിഭാഷകനെ ബന്ധപ്പെടാന്‍ വിളിച്ചപ്പോഴാണ് ഒളിവില്‍ കഴിഞ്ഞ സ്ഥലം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തിയത്.

മൂന്ന് ദിവസം മുമ്പാണ് ഇടുക്കിയിലെത്തിയതെന്നും കൈവേലിയിലെ ബന്ധുക്കളാണ് അഭിഭാഷകനെ ഏര്‍പ്പാടാക്കിയതെന്നും റൂറല്‍ എസ് പി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ച് സ്ത്രീകളുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്തത്. വൈക്കിലശ്ശേരിയിലെ നിരവധി വിവാഹ വീടുകളിലെ ചിത്രങ്ങളില്‍ നിന്ന് സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതായി പരാതി വന്നതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

സ്ഥാപന ഉടമകളായ വൈക്കിലശ്ശേരി സ്വദേശികളായ ദിനേശന്‍, സതീശന്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇരുവരെയും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങിയതായി പോലീസ് വ്യക്തമാക്കി. ഒന്നാം പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം തെളിവെടുപ്പിനായി കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് എസ് പി പറഞ്ഞു.

വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വടകര സി ഐ. ടി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.