വയല്‍ക്കിളികള്‍ ബി ജെ പി വേദിയില്‍

സമര സമിതിയില്‍ ഭിന്നത രൂക്ഷം
Posted on: April 4, 2018 6:29 am | Last updated: April 4, 2018 at 12:36 am
കീഴാറ്റൂരില്‍ ബി ജെ പി നടത്തിയ കര്‍ഷക രക്ഷാ മാര്‍ച്ച് വേദിയില്‍ ബി ജെ പി നേതാക്കള്‍ക്കൊപ്പം വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരും സമര നായിക നമ്പ്രാടത്ത് ജാനകിയും കൈകോര്‍ത്തപ്പോള്‍

തളിപ്പറമ്പ്: കീഴടങ്ങില്ല, കീഴാറ്റൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി ബി ജെ പി നടത്തിയ കര്‍ഷക രക്ഷാ മാര്‍ച്ചിലെ നീക്കങ്ങളിലൂടെ സി പി എം പാര്‍ട്ടി ഗ്രാമങ്ങളില്‍ സ്വാധീനമുറപ്പിക്കാനുള്ള ബി ജെ പിയുടെ തന്ത്രങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങി. ബൈപ്പാസ് വിരുദ്ധ സമരത്തിനായി കീഴാറ്റൂര്‍ വയലില്‍ സ്ഥാപിച്ച ചെങ്കൊടി മാറ്റി അവിടെ ബി ജെ പിയുടെ കാവിക്കൊടി ഉയര്‍ന്നു.

പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ കാവിക്കൊടി നാട്ടാനായത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം വന്‍ നേട്ടമാണുണ്ടാക്കിയത്. എ ഐ വൈ എഫും വി എം സുധീരനും പരിസ്ഥിതി പ്രവര്‍ത്തകരും കീഴാറ്റൂരിലെത്തി പുനഃസ്ഥാപിച്ച വയല്‍ക്കിളികളുടെ സമരപ്പന്തലില്‍ വെച്ച് തന്നെയാണ് ബി ജെ പിയുടെ കര്‍ഷക രക്ഷാ മാര്‍ച്ചിന് തുടക്കമായതും.

സി പി എമ്മിന്റെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയും വയല്‍ക്കിളികളുടെ സമര നായകനുമായ സുരേഷ് കീഴാറ്റൂരും മറ്റൊരു സമര നായിക നമ്പ്രാടത്ത് ജാനകിയും സംഘ് പരിവാറിനൊപ്പം വേദിയില്‍ കൈകോര്‍ത്ത് അണിനിരന്നു. നന്ദിഗ്രാമിലെ സമര നായകനും ബി ജെ പി നേതാവുകൂടിയായ രാഹുല്‍ സിന്‍ഹ കൊണ്ടു വന്ന നന്ദിഗ്രാമിലെ മണ്ണ് വയല്‍ക്കിളി സമര നായകരായ സുരേഷ് കീഴാറ്റൂരിനും നമ്പ്രാടത്ത് ജാനകിക്കും സമ്മാനിച്ചു. തിരിച്ച് കീഴാറ്റൂരില്‍ നിന്നുളള നെല്‍ മണികള്‍ രാഹുല്‍ സിന്‍ഹക്ക് സമ്മാനിച്ചാണ് സ്‌നേഹപ്രകടനം കൈമാറിയത്.

അതേ സമയം, വയല്‍ക്കിളി നേതാക്കള്‍ ബി ജെ പിക്കാര്‍ക്കൊപ്പം വേദി പങ്കിട്ടത് പരിസ്ഥിതി പ്രവര്‍ത്തകരടങ്ങിയ ഐക്യദാര്‍ഢ്യ സമിതിയില്‍ ഭിന്നത രൂക്ഷമാക്കിയിട്ടുണ്ടെന്നാണറിയുന്നത്. നേരത്തെ ബി ജെ പി വേദി പങ്കിടില്ലെന്ന് വയല്‍ക്കിളി നേതാക്കള്‍ ഐക്യദാര്‍ഢ്യ സമിതിക്ക് ഉറപ്പ് കൊടുത്തിരുന്നതായും അറിയുന്നു.

കര്‍ഷക രക്ഷാ മാര്‍ച്ച് കീഴാറ്റൂരില്‍ നിന്ന് തുടങ്ങി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. ബംഗാളില്‍ സി പി എമ്മിന്റെ ശവക്കുഴി തോണ്ടിയത് നന്ദി ഗ്രാമിലെ കര്‍ഷകരായിരുന്നുവെങ്കില്‍ കേരളത്തില്‍ സി പി എമ്മിന് അവസാനം കുറിക്കുക കീഴാറ്റൂരായിരിക്കുമെന്ന് ബി ജെ പി അഖിലേന്ത്യാ സെക്രട്ടറി രാഹുല്‍ സിന്‍ഹ പറഞ്ഞു. കര്‍ഷക രക്ഷാമാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്ദിഗ്രാമിലെ കര്‍ഷക ശാപമാണ് ബുദ്ധദേവ് ഭട്ടാചാര്യയെ ഇപ്പോഴും വേട്ടയാടുന്നത്. കീഴാറ്റൂരിലെ കര്‍ഷകരുടെ ശവത്തില്‍ പിണറായി വിജയനും ഉരുകിത്തിരും. മോദിയും അമിത്ഷായും വയല്‍കിളികളുടെ സംരക്ഷണത്തിന് ഉണ്ടാകും. ഞങ്ങളുടെ കൈപിടിച്ച ജാനകിയമ്മയെയും സുരേഷിനെയും അവസാനം വരെ ഞങ്ങള്‍ സംരക്ഷക്കുമെന്നും അദ്ദേഹം പറഞ്ഞു.