മിച്ചഭൂമി തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണം

ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം
Posted on: April 4, 2018 6:28 am | Last updated: April 4, 2018 at 12:38 am

തിരുവനന്തപുരം: വയനാട് മിച്ച ഭൂമി തട്ടിപ്പ് വിജിലന്‍സ് അന്വേഷിക്കും. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കവെ മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ അന്വേഷണം പ്രഖ്യാപിച്ചത്. സംഭവത്തില്‍ ഡെപ്യൂട്ടി കലക്ടറെ സസ്‌പെന്‍ഡ് ചെയ്തതായും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അന്വേഷണം നടത്തുമെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും അറിയിച്ചു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷം പിന്നീട് സഭയില്‍ നിന്ന് ഇറങ്ങി പോയി.

സമഗ്രമായ അന്വേഷണം വേണമെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടത്. ഈ ആവശ്യത്തെ പിന്തുണച്ച കെ എം മാണിയും വിജിലന്‍സ് അന്വേഷണം ഫലപ്രദമാവില്ലെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. വി ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്.

ഇക്കാര്യത്തില്‍ മന്ത്രിതലത്തിലോ സെക്രട്ടേറിയറ്റ് തലത്തിലോ ഉന്നത ഉദ്യോഗസ്ഥര്‍ക്കോ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര് ഭൂമി തെറ്റായി കൈവശപ്പെടുത്താന്‍ ശ്രമിച്ചാലും നടക്കില്ല. അഴിമതിയുടെ ലാഞ്ചനയുണ്ടായാല്‍ തന്നെ നടപടി സ്വീകരിക്കും. അഴിമതി ഒരു നിലക്കും സര്‍ക്കാര്‍ വെച്ച് പൊറുപ്പിക്കില്ല. പഴയ ശീലത്തില്‍ നിന്ന് മുക്തിനേടാത്ത ചില ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്. കൈക്കൂലി വാങ്ങുന്നതായി ദൃശ്യങ്ങളില്‍ വന്ന ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. വാര്‍ത്തയില്‍ വന്ന ജില്ലാ സെക്രട്ടറി തന്നെ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കാമെന്ന മോഹവുമായി ആരെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അന്വേഷണത്തിന് ഉത്തരവ് നല്‍കിയതായി റവന്യൂമന്ത്രി ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്കാര്‍ക്കുള്ള ബന്ധത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. കുറ്റക്കാര്‍ ആരായാലും രക്ഷപ്പെടില്ല. കാശുവാങ്ങിയ ഡെപ്യൂട്ടി കലക്ടറെ റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ വിശദമായ അന്വേഷണത്തിന് ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. പാര്‍ട്ടി ഓഫീസുകളില്‍ പലരും വരും, പല ആവശ്യങ്ങളും ഉന്നയിക്കും. അതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോയെന്നാണ് നോക്കേണ്ടത്. സര്‍ക്കാറിനേയും റവന്യൂ വകുപ്പിനെയും സി പി ഐയെയും കരിവാരിതേക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വ്യക്തികള്‍ക്ക് തെറ്റോ, കുറ്റമോ ഉണ്ടായിട്ടുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ നടപടി സ്വീകരിക്കും. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയന്ത്രിക്കും. സര്‍ക്കാറിന്റെ ഒരു തുണ്ട് ഭൂമി നഷ്ടപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

വ്യാജരേഖ ചമച്ച് സംസ്ഥാനത്തിന്റെ ഭൂമി തട്ടിയെടുക്കുന്നതിനുള്ള സംഘങ്ങള്‍ സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്നുവെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ഇതിന് ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ കൂട്ടുനില്‍ക്കുകയാണ്. പാര്‍ട്ടിയുടെ ജില്ലാ നേതാക്കള്‍ക്ക് വകുപ്പ് തുറന്നിട്ടുകൊടുത്തിരിക്കുകയാണ്. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ മന്ത്രിക്ക് ഒരു നിയന്ത്രണവുമില്ല. ഉദ്യോഗസ്ഥരും പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് കൊള്ള നടത്തുകയാണ്. തോമസ്ചാണ്ടിക്കെതിരെ നടപടി വൈകുന്നുവെന്ന പേരില്‍ മന്ത്രിസഭായോഗം ബഹിഷ്‌കരിച്ച പാര്‍ട്ടിയാണ് ഇത് ചെയ്യുന്നത്.

ആദര്‍ശം പറയുകയും അതിന് കടകവിരുദ്ധമായി പ്രവര്‍ത്തിക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലെ മിച്ചഭൂമി സംബന്ധിച്ച് വ്യക്തമായ കണക്കുകളുണ്ട്. അത് മറച്ചുവച്ച് കരമടച്ച് സര്‍ക്കാര്‍ ഭൂമി വളച്ചെടുക്കുകയാണ് ശ്രമം. പണമുള്ളവന് കൈക്കൂലി കൊടുത്ത് സര്‍ക്കാര്‍ ഭൂമി കൈയടക്കാനുള്ള എല്ലാ അവസരവും ഒരുക്കികൊടുക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

ഇതൊന്നും നിയന്ത്രിക്കാന്‍ കഴിയാത്ത ഇ ചന്ദ്രശേഖരന് മന്ത്രിസ്ഥാനത്തിരിക്കാന്‍ അവകാശമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുറത്ത് ആദര്‍ശം പറയുകയും ഉള്ളിലൂടെ സി പി ഐ പണിനടത്തുകയുമാണ് ചെയ്യുന്നത്.

റവന്യൂമന്ത്രിയുടെ പിന്‍ബലത്തിലാണ് അവിടെ സി പി ഐ ജില്ലാ സെക്രട്ടറി ഇടനിലക്കാര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തത്. വകുപ്പില്‍ നടക്കുന്നത് മന്ത്രിയുടേതല്ല, പാര്‍ട്ടിയുടെ ഭരണമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയി.