Connect with us

Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യ പാദം: പെപ്-ക്ലോപ് പോരാട്ടം

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയും ബാഴ്‌സലോണയുടെ ഐതിഹാസിക പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുടെ ഇപ്പോഴത്തെ ടീം മാഞ്ചസ്റ്റര്‍ സിറ്റിയും ഇന്ന് കളത്തിലിറങ്ങുന്നു.
ബാഴ്‌സലോണക്ക് എതിരാളി ഇറ്റലിയില്‍ നിന്നുള്ള എ എസ് റോമയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്ക് ക്വാര്‍ട്ടറിന്റെ ആദ്യ പാദം കളിക്കാന്‍ യാത്ര ചെയ്യേണ്ടത് ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ തട്ടകത്തിലേക്ക്.
നിലവിലെ ഫോം വെച്ച് നോക്കുമ്പോള്‍ ബാഴ്‌സലോണക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. മത്സരം സ്വന്തം തട്ടകത്തിലാണെന്നതും നൗകാംപ് ടീമിന് പോസിറ്റീവാണ്.
പ്രീമിയര്‍ ലീഗ് ക്ലബ്ബുകളുടെ പോരില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കാണ് വിജയസാധ്യത. മത്സരം ലിവര്‍പൂളിന്റെ ഗ്രൗണ്ടിലാണെങ്കിലും പെപ് ഗോര്‍ഡിയോളയുടെ ടീം തകര്‍പ്പന്‍ ഫോമിലാണെന്നത് പോസിറ്റീവാണ്.

പെപ് – ക്ലോപ് യുദ്ധം

ഫുട്‌ബോള്‍ പരിശീലകരുടെ പോരാട്ടം കൂടിയാണ്. തന്ത്രങ്ങള്‍ക്ക് വലിയ സ്ഥാനമുണ്ട്. യൂറോപ്പിലെ രണ്ട് മികച്ച പരിശീലകര്‍ നേര്‍ക്കു നേര്‍ വരുന്നുവെന്നതാണ് സിറ്റി-ലിവര്‍പൂള്‍ പോരിനെ ശ്രദ്ധേയമാക്കുന്നത്. സിറ്റിയുടെ കോച്ച് പെപ് ഗോര്‍ഡിയോളയാണ്. ലിവര്‍പൂളിന്റെത് യുര്‍ഗന്‍ ക്ലോപും. ജര്‍മന്‍ ബുണ്ടസ് ലിഗ ക്ലബ്ബുകളായ ബയേണ്‍ മ്യൂണിക്കിനെ പെപ് ഗോര്‍ഡിയോളയും ബൊറുസിയ ഡോട്മുണ്ടിനെ യുര്‍ഗന്‍ ക്ലോപും പരിശീലിപ്പിച്ചിരുന്ന കാലത്ത് ഇവരുടെ തന്ത്രങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. അതൊരു ക്ലാസിക് കാഴ്ചയായിരുന്നു. ലിവര്‍പൂളും സിറ്റിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ആ കാഴ്ച യൂറോപ്പിന് തിരിച്ചു കിട്ടുകയാണ്.

രണ്ട് പരിശീലകരും പരസ്പര ബഹുമാനമുള്ളവരാണ്. തന്റെ കളിക്കാരെ രാജകുമാരന്‍മാരാക്കുന്നുവെന്നതാണ് പെപ് ഗോര്‍ഡിയോളയുടെ പ്രത്യേകതയെന്ന് യുര്‍ഗന്‍ ക്ലോപ് പറയുന്നു. പെപ്പിന്റെ കളിക്കാരെ കുറിച്ച് എല്ലാവരും നല്ലത് മാത്രം പറയും. അവര്‍ ലോകഫുട്‌ബോളിലെ മികച്ച താരങ്ങളായി അറിയപ്പെടുന്നു. പെപ് ബാഴ്‌സലോണയിലാരുന്നപ്പോള്‍ അങ്ങനെയുള്ള കളിക്കാരെ ലോകം അറിഞ്ഞു. സാവി, ഇനിയെസ്റ്റ, ബുസ്‌ക്വുറ്റ്‌സ്, ലയണല്‍ മെസി, ഇങ്ങനെ നീളുന്നു പട്ടിക- യുര്‍ഗന്‍ ക്ലോപ് പറഞ്ഞു.

ബയേണ്‍ മ്യൂണിക്കിലായിരുന്നപ്പോളും മികവുറ്റ കളിക്കാരുടെ നിര തന്നെ പെപ്പിനൊപ്പം ഉണ്ടായിരുന്നു. സിറ്റിയിലെത്തിയപ്പോള്‍ ഗുന്‍ഡോഗന്‍, സില്‍വ, അഗ്യുറോ, സാനെ, സ്റ്റെര്‍ലിംഗ്, ഗബ്രിയേല്‍ ജീസസ് എന്നീ താര നിര.

കിരീടങ്ങള്‍ വാരിക്കൂട്ടിയ പരിശീലകനാണ് പെപ് ഗോര്‍ഡിയോള. ബാഴ്‌സലോണ, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളിലായി 22 ട്രോഫികള്‍. ഇതില്‍ രണ്ട് ചാമ്പ്യന്‍സ് ലീഗുകള്‍, ആറ് ആഭ്യന്തര ലീഗ് കിരീടങ്ങളും ഉള്‍പ്പെടുന്നു.

ശനിയാഴ്ച മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പരാജയപ്പെടുത്തിയാല്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാം. നാല്‍പ്പത്തേഴുകാരനായ പെപ് ഗോര്‍ഡിയോളക്ക് ഏഴാം ആഭ്യന്തര കിരീടം സ്വന്തമാക്കാം.

യുര്‍ഗന്‍ ക്ലോപ്പ് ബൊറുസിയ ഡോട്മുണ്ടിനൊപ്പം രണ്ട് തവണ ബുണ്ടസ് ലിഗ കിരീടം നേടിയിട്ടുണ്ട്. ലിവര്‍പൂളിന് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്താല്‍, പ്രീമിയര്‍ ലീഗിലെ തിരിച്ചടി അദ്ദേഹത്തിന് തത്കാലം മറക്കാം.

ജനുവരിയില്‍ ലിവര്‍പൂള്‍ 4-3ന് സിറ്റിയെ തോല്‍പ്പിച്ചിരുന്നു. ഇതോടെ, നേര്‍ക്കുനേര്‍ കണക്കില്‍ ആറ് ജയം, അഞ്ച് തോല്‍വി, ഒരു സമനില കണക്കുമായി യുര്‍ഗന്‍ ക്ലോപ് മുന്നിലെത്തി.

പെപ് ഗോര്‍ഡിയോളക്കെതിരെ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് ആണ്. ഇത് തന്നെയാണ് മാഞ്ചസ്റ്റര്‍ സിറ്റി ആരാധകരുടെ ഉറക്കം കെടുത്തുന്നത്.

അഗ്യുറോ കളിക്കില്ല

ലിവര്‍പൂളിനെതിരെ സൂപ്പര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യുറോയുടെ സേവനം മാഞ്ചസ്റ്റര്‍ സിറ്റിക്ക് നഷ്ടമാകും. കഴിഞ്ഞ അഞ്ച് മത്സരത്തിലും പരുക്ക് കാരണം അഗ്യുറോ കളിച്ചിരുന്നില്ല. പ്രധാനമായും ലിവര്‍പൂളിനെതിരെ ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന് ഇറക്കാമെന്ന കണക്ക് കൂട്ടലിലായിരുന്നു കോച്ച് പെപ് ഗോര്‍ഡിയോള. എന്നാല്‍, ഡോക്ടര്‍മാര്‍ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ക്ക് കുറച്ച് ദിവസം കൂടി വിശ്രമം വേണമെന്ന് ഗോര്‍ഡിയോളയോട് നിര്‍ദേശിച്ചു.
ലിവര്‍പൂള്‍ ടീമും പരുക്കിന്റെ പിടിയിലാണ്. പ്രധാനമായും പ്രതിരോധ നിരക്കാര്‍. ജോ ഗോമസ്, ജോയല്‍ മാറ്റിപ്, റാഗ്നര്‍ ക്ലാവന്‍ എന്നിവര്‍ ഇന്ന് കളിക്കില്ല.

ബുസ്‌ക്വുറ്റ്‌സ് ടീമില്‍ തിരിച്ചെത്തി

സെര്‍ജിയോ ബുസ്‌ക്വുറ്റ്‌സ് ടീമില്‍ തിരിച്ചെത്തിയതാണ് ബാഴ്‌സലോണ എഫ് സിക്ക് ഉത്തേജനമേകുന്നത്. റോമക്കെതിരെ ബുസ്‌ക്വുറ്റ്‌സുണ്ടാകുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്. മൂന്നാഴ്ച മുമ്പ് ചെല്‍സിക്കെതിരെ ചാമ്പ്യന്‍സ് ലീഗ് കളിക്കുമ്പോഴാണ് ബുസ്‌ക്വുറ്റ്‌സിന്റെ കാല്‍പാദം പൊട്ടിയത്.
തിങ്കളാഴ്ച ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തിയ ബുക്‌സ്വുറ്റ്‌സ് റോമക്കെതിരെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ കളിക്കുന്ന കാര്യം കോച്ച് ഏണസ്‌റ്റോ വല്‍വര്‍ഡെ വ്യക്തമാക്കിയിട്ടില്ല. മൂന്ന് വര്‍ഷത്തിനിടെ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് സെമി ബെര്‍ത്ത് നേടിയെടുക്കുകയാണ് ബാഴ്‌സയുടെ ലക്ഷ്യം. 2016, 2017 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.

 

---- facebook comment plugin here -----

Latest