Connect with us

National

യെദ്യൂരപ്പയുടെ തട്ടകത്തില്‍ ബി ജെ പി നേതാവ് കോണ്‍ഗ്രസിലേക്ക്

Published

|

Last Updated

ബെംഗളൂരു: ബി ജെ പി സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയുടെ തട്ടകത്തില്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാവ് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നു. ശിവമൊഗ ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാവും മുന്‍മന്ത്രിയുമായ ഹാരത്താലു ഹാലപ്പയാണ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് നേതൃത്വവുമായി ഇടഞ്ഞിരിക്കുന്നത്. ബി ജെ പി വിട്ട് കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാനാണ് ഹാലപ്പയുടെ തീരുമാനം.

ഹാലപ്പ ഉള്‍പ്പെടുന്ന സാഗര മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ബി ജെ പിയില്‍ തര്‍ക്കം രൂക്ഷമായിരിക്കുകയാണ്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഹാലപ്പയെ തഴഞ്ഞ് ബേളൂര്‍ ഗോപാലകൃഷ്ണക്ക് സീറ്റ് നല്‍കാനുള്ള നീക്കമാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്. യെദ്യൂരപ്പയുടെ അടുത്ത അനുയായിയായ ഹാലപ്പ പാര്‍ട്ടി വിടുന്നത് ശിവമൊഗ മണ്ഡലത്തില്‍ ബി ജെ പിക്ക് കനത്ത തിരിച്ചടിയാകും. യെദ്യൂരപ്പ ബി ജെ പി വിട്ട് കെ ജെ പി രൂപവത്കരിച്ചപ്പോള്‍ പാര്‍ട്ടി വിട്ടവരില്‍ ഹാലപ്പയുമുണ്ടായിരുന്നു. യെദ്യൂരപ്പ തിരിച്ചെത്തിയപ്പോള്‍ ഹാലപ്പയും കൂടെയെത്തി. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്ന കുമാര്‍ ബംഗാരപ്പക്ക് സൊറാബ് മണ്ഡലം നല്‍കാനും നീക്കമുണ്ട്.

മറ്റൊരു ബി ജെ പി നേതാവ് എം വൈ പാട്ടീല്‍ പാര്‍ട്ടി വിട്ട് ഇന്നലെ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുല്‍ബര്‍ഗ ജില്ലയിലെ അഫ്‌സര്‍പൂര്‍ മണ്ഡലത്തിലെ എം എല്‍ എയാണ് പാട്ടീല്‍. കെ പി സി സി ഓഫീസില്‍ പാര്‍ട്ടി അധ്യക്ഷന്‍ ഡോ. ജി പരമേശ്വരയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്.

Latest