ഗ്രാമാന്തരങ്ങളിലൂടെ കാല്‍നടയായി സിദ്ധരാമയ്യയുടെ പ്രചാരണം

Posted on: April 4, 2018 6:18 am | Last updated: April 4, 2018 at 12:09 am
ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ പ്രചാരണം നടത്തുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ

ചാമുണ്ഡേശ്വരി: തന്റെ പാര്‍ലമെന്ററി ജീവിതത്തിലെ അവസാനത്തെ അങ്കത്തിനിറങ്ങുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ പഴയ മണ്ഡലമായ ചാമുണ്ഡേശ്വരിയില്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്. മണ്ഡലത്തിലെ ഗ്രാമാന്തരങ്ങളിലൂടെ കാല്‍നടയായി സഞ്ചരിച്ച് ഗ്രാമവാസികളിലൊരാളായി മാറുകയാണ് കര്‍ണാടക രാഷ്ട്രീയത്തിലെ ഈ ഭീഷ്മാചാര്യന്‍. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ സിദ്ധരാമയ്യയെ കാണാനും കേള്‍ക്കാനും അഭിവാദ്യം അര്‍പ്പിക്കാനും ഗ്രാമങ്ങളിലെ ഊടുവഴികളില്‍ പുലര്‍ച്ചെ തന്നെ വന്‍ജനക്കൂട്ടമാണ് നിലയുറപ്പിക്കുന്നത്. കരിമ്പ്, ചോളം, നെല്ല് ഉള്‍പ്പെടെയുള്ള വിവിധ വിളകള്‍ കൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കര്‍ഷക വിഭാഗങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലേക്കാണ് മുഖ്യമന്ത്രിയെന്ന മേലങ്കി അഴിച്ചുവെച്ച് ഈ ജനനായകനെത്തുന്നത്.

രാഷ്ട്രീയമായി തനിക്ക് ഊര്‍ജം നല്‍കിയത് ചാമുണ്ഡേശ്വരി മണ്ഡലമാണെന്നും അവസാന തിരഞ്ഞെടുപ്പില്‍ ഇതേ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച് അവിടുത്തുകാര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനാണ് ദൈവം തന്ന നിയോഗമെന്നും സിദ്ധരാമയ്യ ഗ്രാമീണരോട് പറഞ്ഞു. ജയപുര സര്‍ക്കിള്‍, ചാമുണ്ഡേശ്വരി, ഇല്‍വാള എന്നിവിടങ്ങളില്‍ അദ്ദേഹം പര്യടനം നടത്തി. മകന്‍ ഡോ. യതീന്ദ്ര അദ്ദേഹത്തോടൊപ്പമുണ്ട്. മണ്ഡലത്തിലെ ജനങ്ങളോട് താന്‍ എല്ലാ അര്‍ഥത്തിലും കടപ്പെട്ടിരിക്കുന്നുവെന്നും ഇവിടെ നിന്ന് ഒരു തവണ കൂടി വിജയിച്ച് ഈ കടപ്പാട് തിരിച്ചുനല്‍കുന്നതിനോടൊപ്പം രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പറയുന്ന സിദ്ധരാമയ്യയുടെ മുന്നില്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെയുള്ള പ്രകോപനപരമായ പ്രസംഗങ്ങള്‍ വഴിമാറുന്നു. വികസനത്തില്‍ അധിഷ്ഠിതമായ ഭരണചക്രമാണ് തുടര്‍ന്നും തന്റെ ലക്ഷ്യമെന്നും മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരും ചാമുണ്ഡേശ്വരി ദേവിയും ഇത്തവണയും തന്നോടൊപ്പം നില്‍ക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണത്തിനായി 400 കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചതായും ജനങ്ങളുടെ ക്ഷേമമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്രയെന്നും പറഞ്ഞ മുഖ്യമന്ത്രി ഭരണത്തുടര്‍ച്ച നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു.

റോഡ് ഷോകള്‍ക്ക് വൃദ്ധരും സ്ത്രീകളും ഉള്‍പ്പെടെയുള്ള ജനങ്ങളാണ് സാക്ഷ്യം വഹിച്ചത്. രാവിലെ ശ്രീനാരായണ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമായിരുന്നു മൂന്നാം ദിവസത്തെ സിദ്ധരാമയ്യയുടെ പ്രചാരണം. വൊക്കലിഗ, കുറുംബ സമുദായങ്ങള്‍ അധിവസിക്കുന്ന മണ്ഡലമാണിത്. വൊക്കലിഗ സമുദായം പരമ്പരാഗതമായി ഗൗഡ വിഭാഗത്തെയാണ് പിന്തുണക്കുന്നത്. അതുകൊണ്ട് തന്നെ സിദ്ധരാമയ്യയുടെ എതിരാളിയായ ജി ടി ദേവഗൗഡയെയായിരിക്കും ഇത്തവണയും ഇവര്‍ പിന്തുണക്കുകയെന്ന് ഉറപ്പായിട്ടുണ്ട്. ഈ സ്ഥിതി മുന്നില്‍ കണ്ട് വൊക്കലിഗ സമുദായത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേര്‍ക്കാനും പര്യടനത്തിനിടയില്‍ സിദ്ധരാമയ്യ സമയം കണ്ടെത്തി.

2013 മേയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വരുണയില്‍ നിന്നാണ് സിദ്ധരാമയ്യ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുമ്പ് പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ അഞ്ച് തവണ എം എല്‍ എ ആയി. രണ്ട് തവണ ഉപ മുഖ്യമന്ത്രിയുമായി. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ അഞ്ച് വര്‍ഷം ഭരണകാലാവധി പൂര്‍ത്തിയാക്കുന്ന ആദ്യ കര്‍ണാടക മുഖ്യമന്ത്രിയാണ് സിദ്ധാരാമയ്യ. ദേവരാജക്ക് ശേഷം കര്‍ണാടക ചരിത്രത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് 69 കാരനായ കെ സിദ്ധരാമയ്യ. 2013 മെയ് 13 നാണ് മുഖ്യമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റത്.

നിലവില്‍ വരുണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിദ്ധരാമയ്യ 1983 മുതല്‍ ചാമുണ്ഡേശ്വരിയില്‍ നിന്ന് ഏഴ് തവണ ജനവിധി തേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് തവണ നിയമസഭയിലെത്തി. 2006ല്‍ ജെ ഡി എസ് -ബി ജെ പി സഖ്യത്തെ മറികടന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സിദ്ധരാമയ്യ വിജയിച്ച മണ്ഡലം കൂടിയാണിത്.

ചാമുണ്ഡേശ്വരിയില്‍ നിലവില്‍ എം എല്‍ എയായ ജെ ഡി എസിലെ ജി ടി ദേവഗൗഡ 2013ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ സത്യനാരായണയെ 7,103 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്.