ഹാഫിസ് സഈദിന്റെ മില്ലി മുസ്‌ലിം ലീഗ് പാര്‍ട്ടി യു എസ് കരിമ്പട്ടികയില്‍

Posted on: April 4, 2018 6:27 am | Last updated: April 3, 2018 at 11:59 pm

ഇസ്‌ലാമാബാദ്: ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫീസ് സഈദിന്റെ മില്ലി മുസ്‌ലിം ലീഗിനെ (എം എം എല്‍) അമേരിക്ക വിദേശ ഭീകര സംഘടനാ പട്ടികയില്‍പ്പെടുത്തി. പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ നീക്കം. ഇതിന് പുറമെ എം എം എലിന്റെ കേന്ദ്ര നേതൃത്വത്തിലെ ഏഴ് പേരെ ഭീകരവാദികളായും അമേരിക്ക വിശേഷിപ്പിക്കുന്നു. എം എം എലിന് പുറമെ തഹ്‌രീകെ ആസാദി കാശ്മീര്‍-ടി എ ജെ കെയെയും ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലഷ്‌കറെ ത്വയ്ബയുടെ മറ്റൊരു മുഖമാണ് ടി എ ജെ കെയെന്നും പാക്കിസ്ഥാനില്‍ ഈ സംഘം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് ഭരണകൂടം പറയുന്നു.

എം എം എലിന് രാഷ്ട്രീയ പദവി നല്‍കുന്നത് സംബന്ധിച്ച് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം പാക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എം എം എലിനോട് ആവശ്യപ്പെട്ടിരുന്നു. എം എം എല്‍ ഭീകരസംഘടനയാണെന്നും അതിനാല്‍ രാഷ്ട്രീയപാര്‍ട്ടി എന്ന പദവി നല്‍കാനാകില്ലെന്നും നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയതാണ്.