പി എന്‍ ബി തട്ടിപ്പ്: റിസര്‍വ് ബേങ്കിനെ വിമര്‍ശിച്ച് വിജിലന്‍സ് കമ്മീഷണര്‍

Posted on: April 4, 2018 6:25 am | Last updated: April 3, 2018 at 11:48 pm

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്കിലെ വായ്പാ തട്ടിപ്പില്‍ റിസര്‍വ് ബേങ്കിനെ വിമര്‍ശിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍. തട്ടിപ്പ് നടക്കുന്ന ഘട്ടത്തില്‍ ശരിയായ രീതിയില്‍ ഓഡിറ്റ് നടത്തുന്നതില്‍ ആര്‍ ബി ഐ സമ്പൂര്‍ണ പരാജയമായിരുന്നുവെന്ന് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ കെ വി ചൗധരി പറഞ്ഞു. കൂടുതല്‍ കാര്യക്ഷമമായ ഓഡിറ്റ് സംവിധാനം നടപ്പാക്കണമെന്നാണ് ഈ തട്ടിപ്പ് നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പി എന്‍ ബി തട്ടിപ്പ് അന്വേഷിക്കുന്ന സി ബി ഐയുടെ പ്രവര്‍ത്തനങ്ങളില്‍ സി വി സിയും മേല്‍നോട്ടം വഹിക്കുന്നുണ്ട്. ബേങ്കിംഗ് മേഖലയുടെ നിയന്ത്രണ ഉത്തരവാദിത്വം ആര്‍ ബി ഐക്കാണ്. എന്നാല്‍ എവിടെയെങ്കിലും വിശ്വാസ്യതാ നഷ്ടം ശ്രദ്ധയില്‍ പെട്ടാല്‍ സി വി സി ഇടപെടുമെന്നും ചൗധരി വിശദീകരിച്ചു.

കാലഗണന വെച്ചുള്ള ഓഡിറ്റിംഗിന് പകരം അപായ സാധ്യത അടിസ്ഥാനമാക്കിയ (റിസ്‌ക് ബേസ്ഡ്) ഓഡിറ്റാണ് ആര്‍ ബി ഐ നടത്തുന്നത്. എന്നാല്‍ ഈ അപായ സാധ്യതക്ക് മാനദണ്ഡമായി അവര്‍ മുന്നോട്ട് വെക്കുന്നത് എന്ത് എന്ന ചോദ്യം പ്രസക്തമാണ്. അതുകൊണ്ടാണ് തട്ടിപ്പ് നടക്കുമ്പോള്‍ അവര്‍ക്ക് കൃത്യമായ ഓഡിറ്റ് നടത്താന്‍ സാധിക്കാതിരുന്നതെന്ന് ചൗധരി പറഞ്ഞു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സമാനമായ അഭിപ്രായപ്രകടനം നടത്തിയിരുന്നു.