സമയപരിധി നീട്ടില്ലെന്ന് സര്‍ക്കാര്‍; പണി തീരില്ലെന്ന് അദാനി

കരണ്‍ അദാനി മുഖ്യമന്ത്രിയെ കണ്ടു
Posted on: April 4, 2018 6:04 am | Last updated: April 3, 2018 at 11:33 pm

തിരുവനന്തപുരം: നിര്‍ദിഷ്ട അന്താരാഷ്ട്ര വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കണമെന്ന കരാറുകാരായ അദാനി പോര്‍ട്ടിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ തള്ളി. ഓഖി ദുരന്തം മൂലമുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി നേരത്തെ നിശ്ചയിച്ചിരുന്ന സമയം നീട്ടിനല്‍കണമെന്ന ആവശ്യമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിരാകരിച്ചത്. ഇന്നലെ അദാനി പോര്‍ട്ട്‌സ് സി ഇ ഒ. കരണ്‍ അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വിഴിഞ്ഞം പദ്ധതിക്ക് സമയം നീട്ടി നല്‍കാനാകില്ല. കരാര്‍ നീട്ടുന്ന കാര്യം ഇപ്പോള്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കൂടുതല്‍ ഉപകരണങ്ങളെത്തിക്കണം തുടങ്ങിയ കാര്യങ്ങള്‍ അറിയിച്ച മുഖ്യമന്ത്രി, ഇതുസംബന്ധിച്ച് സ്വതന്ത്ര ഏജന്‍സിയുടെ പഠനത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും വിശദീകരിച്ചു. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സമയം നീട്ടിനല്‍കണമെന്ന ആവശ്യമുന്നയിച്ചാണ് അദാനി പോര്‍ട്‌സ് സി ഇ ഒ. കരണ്‍ അദാനി ഇന്നലെ നിയമസഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

ഓഖി ദുരന്തം നഷ്ടമുണ്ടാക്കിയതിനാല്‍ യഥാസമയം വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തിയാക്കാനാകില്ലെന്നും ഇതിനാലാണ് സര്‍ക്കാറിനോട് കൂടുതല്‍ സമയം ചോദിച്ചതെന്നും കരണ്‍ അദാനി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടൊപ്പം ഓഖി മൂലമുണ്ടായ നഷ്ടപരിഹാരത്തിന്റെ കാര്യം സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരന്തം നിര്‍മാണ പ്രവര്‍ത്തനത്തിന് തടസ്സമായെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഡ്രഡ്ജര്‍ തകര്‍ന്നത് നിര്‍മാണം വൈകാനും നഷ്ടത്തിനുമിടയാക്കിയിട്ടുണ്ട്. അതേസമയം ഈമാസം പതിനഞ്ചിന് പുതിയ ഡ്രജര്‍ എത്തിച്ച് ഡ്രജിംഗ് പുനരാരംഭിക്കുമെന്നും പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തന്നെ അഞ്ച് ബര്‍ത്തുകള്‍ നിര്‍മിക്കുമെന്നും കരണ്‍ അദാനി അറിയിച്ചു.

അതേസമയം, വിഴിഞ്ഞം തുറമുഖ നിര്‍മാണം നിശ്ചിത സമയത്തിനകം പൂര്‍ത്തിയായില്ലെങ്കില്‍ അദാനി ഗ്രൂപ്പ് സര്‍ക്കാറിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് കരാര്‍. ഇതിനാലാണ് അദാനി പോര്‍ട്ട്‌സ് സി ഇ ഒ. കരണ്‍ അദാനി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ നേരിട്ടെത്തിയത്. തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെയും അദാനി പോര്‍ട്ട്‌സ് അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ സര്‍ക്കാര്‍ യാതൊരുവിധ വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും പദ്ധതിയുടെ കാലവധി നീട്ടാനുള്ള അദാനി ഗ്രൂപ്പിന്റെ വാദങ്ങള്‍ അംഗീകരിക്കില്ലെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.