കയറ്റിറക്ക് അവകാശം തൊഴിലാളികള്‍ക്ക് തന്നെ

നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍ നിയമസഭ പാസാക്കി
Posted on: April 4, 2018 6:03 am | Last updated: April 3, 2018 at 11:32 pm

തിരുവനന്തപുരം: വ്യാവസായിക സംരംഭങ്ങള്‍ക്ക് ലൈസന്‍സും മറ്റ് അനുമതികളും ഒരു മാസത്തിനകം ലഭ്യമാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബില്‍ നിയമസഭ പാസാക്കി. കയറ്റിറക്ക് അവകാശം ഭാഗികമായി തൊഴിലാളികള്‍ക്ക് തന്നെ നല്‍കിയും യഥേഷ്ടം ഭൂഗര്‍ഭ ജലം ഉപയോഗിക്കാന്‍ നല്‍കിയ അനുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുമാണ് ബില്‍ പാസാക്കിയത്. ഫയര്‍സേഫ്റ്റി ലൈസന്‍സുമായി ബന്ധപ്പെട്ട നിയമഭേദഗതിയിലും മാറ്റമുണ്ട്. സബ്ജക്ട് കമ്മറ്റിയിലും സഭയിലും നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് മാറ്റം.

വ്യവസായികള്‍ക്ക് ഇഷ്ടമുള്ളവരെ കയറ്റിറക്ക് ജോലിക്ക് നിയോഗിക്കാമെന്ന വ്യവസ്ഥയാണ് നേരത്തെ ബില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതിനെതിരെ ഭരണ-പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശം ഉന്നയിച്ചതോടെയാണ് ഇതില്‍ മാറ്റം വരുത്തിയത്. പ്രത്യേക നൈപുണ്യം വേണ്ടതും യന്ത്രസഹായം വേണ്ടതുമല്ലാത്ത കയറ്റിറക്ക് ജോലികള്‍ അംഗീകൃത ചുമട്ട് തൊഴിലാളികള്‍ക്ക് തന്നെ നല്‍കണമെന്നാണ് പുതിയ വ്യവസ്ഥ. എന്നാല്‍, ജില്ലാതലത്തില്‍ നിശ്ചയിച്ച കൂലി നല്‍കിയാല്‍ മതിയാകും. കൂടുതല്‍ കൂലി ചോദിക്കാന്‍ അവകാശമുണ്ടായിരിക്കില്ലെന്ന് ബില്‍ പാസാക്കുന്നതിന് മുമ്പ് വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു.

ലിഫ്റ്റുകളും എസ്‌കലേറ്ററുകള്‍ക്കുമുള്ള ആദ്യലൈസന്‍സിനുള്ള കാലാവധി മൂന്ന് വര്‍ഷമാക്കി. പിന്നീട് ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കേണ്ടിവരും. ആദ്യ ലൈസന്‍സിന്റെ സമയപരിധിയില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധന നടത്താനും അവകാശമുണ്ടാകും. രണ്ട് ലക്ഷം രൂപ മുതല്‍ 15 കോടി വരെയുള്ള നിക്ഷേപ പദ്ധതികള്‍ക്ക് ജില്ലാതലത്തില്‍ അനുമതി നല്‍കാനും വ്യവസ്ഥയുണ്ട്. ഭൂഗര്‍ഭ ജലം ഉപയോഗിക്കുമ്പോള്‍ ജലം ശുദ്ധീകരിക്കാനും പുനരുപയോഗിക്കാനും ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥയും ബില്ലില്‍ ഉള്‍പ്പെടുത്തി.

വ്യാവസായിക സൗഹൃദ സൂചികയില്‍ (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇന്‍ഡക്‌സ്) കേരളത്തെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച രണ്ട് ബില്ലുകളിലൂടെ ഏഴ് പ്രധാന നിയമങ്ങളിലാണ് ഭേദഗതി കൊണ്ടുവന്നത്.

കേരള പഞ്ചായത്തീരാജ് നിയമം, കേരള മുനിസിപ്പാലിറ്റി നിയമം, കേരള ഭൂജല നിയന്ത്രണ നിയമം, കേരള ലിഫ്റ്റുകളും എസ്‌കലേറ്ററുകളും നിയമം, കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം, കേരള ചുമട്ടുതൊഴിലാളി നിയമം, കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന നിയമം എന്നിവയിലെ പ്രധാന വ്യവസ്ഥകളിലെ ഭേദഗതികളാണ് രണ്ട് ബില്ലുകളിലൂടെ കൊണ്ടുവന്നത്. 2017 ഒക്‌ടോബര്‍ 20ന് ഓര്‍ഡിനന്‍സ് വഴി നിയമം പ്രാബല്യത്തില്‍ വന്നിരുന്നു.

2002ലെ കേരള ഭൂജല നിയന്ത്രണ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ടത്. ഫീസടച്ചാല്‍ പരിധിയില്ലാതെ ഭൂഗര്‍ഭജലമൂറ്റിയെടുക്കാമെന്നതാണ് ഇതില്‍ വരുത്തിയ മാറ്റം. കേരള ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ ടൗണ്‍ഷിപ്പ് പ്രദേശവും വികസന ആക്ട് പ്രകാരം വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കാനുള്ള അധികാരം സര്‍ക്കാര്‍ വകുപ്പ്, സര്‍ക്കാര്‍ ഏജന്‍സികള്‍, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവക്കാണ് നല്‍കിയിരുന്നത്. പുതിയ ഭേദഗതി പ്രകാരം സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അനുമതി നല്‍കാം. വ്യവസായ സംരംഭം തുടങ്ങുന്നതിന് അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം യാതൊരു നടപടിയും ഉണ്ടായില്ലെങ്കില്‍ ലൈസന്‍സ് ലഭിച്ചതായി കണക്കാക്കാം. ഒരുതവണ ലൈസന്‍സ് അനുവദിച്ചുകഴിഞ്ഞാല്‍ അതിന് അഞ്ച് വര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും. കാലാവധി അവസാനിക്കുന്നതിന് 30 ദിവസം മുമ്പ് നിശ്ചിതഫീസ് അടച്ച് ലൈസന്‍സ് പുതുക്കാനും കഴിയും.