ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ കാറില്‍ കയറിയ കുട്ടി ശ്വാസംമുട്ടി മരിച്ചു

Posted on: April 3, 2018 7:33 pm | Last updated: April 3, 2018 at 11:19 pm

പൂണെ: കൂട്ടുകാരുമായി കളിക്കുന്നതിനിടെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറിയ കുട്ടി ശ്വാസം മുട്ടി മരിച്ചു. പൂണെ ചകാനിലെ അഞ്ചു വയസ്സുകാരനായ അരുണ്‍ പാണ്ഡെയെയാണ് കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച്ച ഉച്ചയോടെ കൂട്ടുകാരോടൊപ്പം കളിക്കാന്‍ വേണ്ടി പോയതായിരുന്നു അരുണ്‍. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിന്റെ മുഖത്തും, നെറ്റിയിലും പൊള്ളലേറ്റ പാടുണ്ട്.

കളിക്കുന്നതിനിടെ ചൂടില്‍ നിന്ന് രക്ഷപ്പെടാന്‍ സമീപത്തെ കാറില്‍ കയറിയിരിക്കുകയും വാതിലുകള്‍ ലോക്ക് ആയി ഉള്ളില്‍ അകപ്പെടട്താകാമെന്നുമാണ് പോലീസ് നിഗമനം. കാര്‍ ആരുടേതാണെന്ന കാര്യത്തില്‍ വ്യക്തതമായിട്ടില്ല. മൂന്നാഴ്ചയിലേറെയായി ഉപേക്ഷിച്ച നിലയില്‍ ഈ കാര്‍ ഇവിടെ കിടപ്പുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു. പോലീസ് അപകട മരണത്തിന് കേസെടുത്തിട്ടുണ്ട്.