ക്രമസമാധാന പാലനത്തിന് പോലീസില്ല; 5000 പേര്‍ അദര്‍ ഡ്യൂട്ടിയില്‍

Posted on: April 3, 2018 6:06 am | Last updated: April 3, 2018 at 1:08 am

തിരുവനന്തപുരം: ക്രമസമാധാനപാലനത്തിന് ആവശ്യമായ പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാതിരിക്കുമ്പോള്‍ 5000ത്തോളം പോലീസുകാര്‍ അദര്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ വിലസുന്നു. ഇവര്‍ എന്ത് ഡ്യൂട്ടിയാണ് ചെയ്യുന്നതെന്നു ചോദിച്ചാല്‍ സംസ്ഥാന പോലീസ് മേധാവിക്കു പോലും നിശ്ചയമുണ്ടാകില്ല.
ക്രമസമാധാന ചുമതലയിലുളള പോലീസുകാരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, സ്‌പെഷ്യല്‍ യൂനിറ്റുകളായ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ, ഐ പി എസ് ഉന്നതരുടെ പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫീസര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, മുന്‍ എം പിമാര്‍, വധ ഭീഷണി നേരിടുന്ന രാഷ്്ട്രീയ ഉന്നതര്‍ എന്നീ നിലകളില്‍ നിയോഗിക്കാറുണ്ട്. രാഷ്ട്രീയക്കാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും ഗണ്‍മാന്‍മാരായും മറ്റും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ പോലീസിംഗുമായി ബന്ധപ്പെട്ട ഡ്യൂട്ടിയല്ല നോക്കുന്നത്. ഇവരാണ് അദര്‍ ഡ്യൂട്ടിയെന്ന പേരില്‍ ഇഷ്ടപ്പെട്ട ലാവണങ്ങളില്‍ കറങ്ങുന്നത്്. കടലാസില്‍ മാത്രമാണ് ഇവര്‍ പി എസ് ഒ പണി നോക്കുന്നത്. പോലീസ് ക്യാമ്പുകള്‍, ബറ്റാലിയനുകള്‍, ലോക്കല്‍ പോലീസ് എന്നിവിടങ്ങളില്‍ നിന്ന് പി എസ് ഒ പണിക്ക് പോലീസുകാരെ നിയോഗിക്കാറുണ്ട്.

ഇവര്‍ പോലീസിംഗുമായി ബന്ധപ്പെട്ട പണിയല്ല ചെയ്യുന്നത്. കടലാസില്‍ മാത്രമാണ് ഇവര്‍ പി എസ് ഒ പണി ചെയ്യുന്നത്. വര്‍ക്ക് അറേഞ്ച്‌മെന്റ്, അറ്റാച്ച്‌മെന്റ്, അദര്‍ ഡ്യൂട്ടി തുടങ്ങിയ ഓമനപ്പേരുകളിലാണ് പല പോലീസ് ഉദ്യോഗസ്ഥരും ഉന്നതരുടെ പാദസേവകരായി എത്തുന്നത്. പോലീസ് ഇതര ഡ്യൂട്ടികള്‍ ചെയ്യുന്ന ഇത്തരം ഉദ്യോഗസ്ഥരില്‍ പലരും നിലവില്‍ റിയല്‍ എസ്റ്റേറ്റ്, ബ്ലേഡ് പലിശ ഇടപാടുകള്‍ നടത്തുന്നവരാണ് എന്നാണ് അറിയുന്നത്. റിയല്‍ എസ്റ്റേറ്റിലും മറ്റും ഏര്‍പ്പെടാത്തവരാകട്ടെ പോലീസിന്റെ ഭാഗമായി നിന്നു കൊണ്ട് പോലീസിംഗ് ജോലികളില്‍ ഏര്‍പ്പെടാതെ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുകയാണ്. പത്തും പതിനഞ്ചും കൊല്ലമായി അദര്‍ ഡ്യൂട്ടിയുടെ പേരില്‍ മുങ്ങി നടക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്‍ സര്‍ക്കാറിന് ബാധ്യതയാണ്. രാഹുല്‍ ആര്‍ നായര്‍ പോലീസ് ആസ്ഥാനം എ ഐ ജി ആയിരുന്ന കാലത്ത് ഇത്തരക്കാരെക്കുറിച്ച് അന്വേഷിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പോലീസ് ആസ്ഥാനത്ത് മാത്രം അദര്‍ ഡ്യൂട്ടിയുടെ പേരില്‍ കറങ്ങിത്തിരിയുന്ന 69 പോലീസുകാരുണ്ടെന്നാണ് രാഹുല്‍ ആര്‍ നായരുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ടോമിന്‍ തച്ചങ്കരി പോലീസ് ആസ്ഥാനം എ ഡി ജി പി ആയിരുന്നപ്പോള്‍ സംസ്ഥാന വ്യാപകമായി അദര്‍ ഡ്യൂട്ടിയുടെ പേരില്‍ ചുറ്റിത്തിരിയുന്ന ഉദ്യോഗസ്ഥരുടെ നീണ്ട പട്ടിക തയാറാക്കി ഉന്നതങ്ങളിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും നടപടിയുണ്ടായില്ല.