Connect with us

Editorial

മാനം കളയുന്ന വിവാഹ വീഡിയോ ഭ്രമം

Published

|

Last Updated

വിവാഹ ചടങ്ങുകള്‍ വീഡിയോയില്‍ ചിത്രീകരിക്കുന്ന വീടുകളിലെ സ്ത്രീകളെയാകമാനം ആശങ്കയിലാക്കുന്നതാണ് വടകര സദയം സ്റ്റുഡിയോയിലെ ജീവനക്കാരന്റെ ചെയ്തികളെക്കുറിച്ചു പുറത്തുവന്ന വാര്‍ത്ത. വിവാഹ ഫോട്ടോ എടുക്കുന്നതിനിടയില്‍ ശേഖരിക്കുന്ന സ്ത്രീകളുടെ ചിത്രങ്ങള്‍ ഇയാള്‍ മോര്‍ഫ് ചെയ്ത് നഗ്‌ന ചിത്രങ്ങളാക്കി മാറ്റി വില്‍പന നടത്തുകയും അത് കാണിച്ചു ഭീഷണിപ്പെടുത്തി സ്ത്രീകളെ തന്റെ ഇംഗിതത്തിന് വഴിപ്പെടുത്തുകയും ചെയ്തു വരികയായിരുന്നു വര്‍ഷങ്ങളായി ജീവനക്കാരനായ ബിബീഷ്. അമ്പതിനായിരത്തോളം സ്ത്രീകളുടെ ചിത്രങ്ങളാണ് അയാളുടെ ഹാര്‍ഡ് ഡിസ്‌കില്‍ പോലീസ് കണ്ടെത്തിയത്. ഇതില്‍ മോര്‍ഫ് ചെയ്ത അശ്ശീലചിത്രങ്ങള്‍ നൂറുകണക്കിന് ഉണ്ടെന്നും കല്യാണ വീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഭൂരിഭാഗമെന്നും പോലീസ് വെളിപ്പെടുത്തുന്നു. സ്ഥാപന ഉടമകളുടെ അറിവോടെയാണ് ബിബീഷ് ഇത് നടത്തിയതെന്ന് സംശയിക്കുന്നു. ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന വിവരം സ്ഥാപന ഉടമകളുടെ ശ്രദ്ധയില്‍ പെട്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എഡിറ്റിംഗില്‍ മിടുക്കനായ ജീവനക്കാരനായതിനാല്‍ നടപടിയെടുക്കാതെ അവര്‍ അത് കാണാത്ത ഭാവം നടിക്കുകയായിരുന്നത്രെ.

കല്യാണ വീടുകളിലെ ഫോട്ടോയെടുപ്പു പോലും സുരക്ഷിതമല്ലെന്നത് വടകരക്കാരെ മാത്രമല്ല മാന്യത ആഗ്രഹിക്കുന്ന മുഴുവന്‍ സ്ത്രീകളെയും കുടുംബങ്ങളെയും ആശങ്കാകുലരാക്കുന്നതാണ്. വിവാഹ ചടങ്ങുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നത് സാര്‍വത്രികമാണ്. സ്റ്റുഡിയോക്കാരെയാണ് ഇതിന് നിയോഗിക്കുന്നത്. അക്കൂട്ടത്തില്‍ ബിബീഷുമാരില്ലെന്ന് എങ്ങനെ വിശ്വസിക്കും? എഡിറ്റിംഗില്‍ മിടുക്കുള്ള ആര്‍ക്കും ചെയ്യാവുന്നതാണ് മോര്‍ഫ്. സ്ത്രീയുടെ നഗ്‌നതക്ക് പുരുഷക്കമ്പോളത്തില്‍ നല്ല മാര്‍ക്കറ്റാണ്. ഭാര്യയുടെ നഗ്നത വിറ്റു കാശാക്കുന്ന ഭര്‍ത്താക്കന്മാരും പ്രസവമുറിയില്‍ സ്ത്രീയുടെ നഗ്നത മൊബൈലില്‍ പകര്‍ത്തുന്ന ഡോക്ടര്‍മാരും ഉള്ള കാലമാണിത്. തയ്യല്‍ക്കടയിലും ടെക്സ്റ്റയില്‍സിലെ ഡ്രസ് റൂമിലും ബാത്ത് റൂമുകളിലും മറ്റും രഹസ്യക്യാമറ സ്ഥാപിച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്തുന്നവരെക്കുറിച്ചു മാധ്യമങ്ങള്‍ ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കല്യാണ വീഡിയോക്കാരും കിട്ടുന്ന അവസരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നു. അവരുടെ വിക്രിയകള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുന്നതും പോലീസില്‍ പരാതി ലഭിക്കുന്നതും വല്ലപ്പോഴുമാണ്. അതുകൊണ്ടു തന്നെ നിയമ നടപടികളിലൂടെ മാത്രം ഈ വിപത്ത് തടയാനാകില്ല. വിവാഹ ചടങ്ങുകളുടെ വീഡിയോ ചിത്രീകരണം ഒഴിവാക്കുകയോ അതില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുകയോ ആണ് പ്രായോഗിക പരിഹാരം.

ഫോട്ടോയെടുപ്പും വീഡിയോ ചിത്രീകരണവും ഒരു ഭ്രമമായി മാറിയിട്ടുണ്ട്. വിശിഷ്യാ കല്യാണ സദസ്സുകളില്‍. പതിനായിരങ്ങള്‍ മുടക്കിയാണ് ഇതിനായി സ്റ്റുഡിയോക്കാരെ ഏര്‍പ്പാടാക്കുന്നത്. വിവാഹത്തില്‍ ആര്‍ഭാടങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കണമെന്ന് പറയുന്നവരും സ്വന്തം കാര്യം വരുമ്പോള്‍ ഈ തത്വം വിസ്മരിക്കുന്നു. വിവാഹ ചടങ്ങിനെത്തുന്ന പലരും വീഡിയോ ചിത്രീകരണത്തില്‍ കുടുങ്ങാന്‍ മത്സര ബുദ്ധിയോടെയാണ് ഫോട്ടോഗ്രാഫറുടെ മുമ്പിലൂടെ തലങ്ങും വിലങ്ങും നടക്കുന്നത്. വീഡിയോക്കാരന്‍ കിട്ടുന്ന അവസരങ്ങള്‍ നന്നായി ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നു. മണവാട്ടിയുടെയും ചടങ്ങിനെത്തിയ സ്ത്രീകളുടെയും ഓരോ ചലനങ്ങളും അവര്‍ ഒപ്പിയെടുക്കും. വസ്ത്രം മറ്റുന്ന രംഗം പോലും ക്യാമറയിലാകും.

കൊടിയ ധൂര്‍ത്തിന്റെയും വേണ്ടാത്തരങ്ങളുടെയും പേക്കൂത്തുകളുടെയും വേദിയായി മാറിയിട്ടുണ്ട് ഇന്ന് വിവാഹ ചടങ്ങുകള്‍. ലളിതമായും അനാര്‍ഭാടമായും നടത്തേണ്ട വിവാഹങ്ങള്‍ നിലയും വിലയും പ്രകടിപ്പിക്കാനും പൊങ്ങച്ചത്തിനുമുള്ള അവസരമായാണ് മിക്കവരും വിനിയോഗിക്കുന്നത്. കല്യാണാലോചന മുതല്‍ പുതിയാപ്ലയുടെ മരണം വരെ തുടരുന്ന മാമൂലുകള്‍ നിറവേറ്റാന്‍ സാധാരണക്കാര്‍ പെടുന്ന കഷ്ടപ്പാട് ചില്ലറയല്ല. ആസ്വാദനത്തിന്റെയും ആര്‍ഭാടത്തിന്റെയും എല്ലാ അതിരുകളും ഇവിടെ ലംഘിക്കപ്പെടുന്നു. പണക്കാരന്‍ തുടങ്ങി വെക്കുന്ന വേണ്ടാത്തരങ്ങള്‍ പാവപ്പെട്ടവന്‍ കടം വാങ്ങിയെങ്കിലും അനുകരിക്കുന്നു. മക്കളെ കെട്ടിച്ചയക്കാന്‍ കിടപ്പാടം വരെ വില്‍ക്കുന്നവരും മണലാരണ്യത്തില്‍ അധ്വാനിച്ചത് മുഴുക്കെ മക്കളുടെ വിവാഹത്തിന് ചെലവിട്ടു പാപ്പരാകുന്നവരുമുണ്ട് സമൂഹത്തില്‍. വിവാഹത്തിനു ദിവസങ്ങള്‍ മുന്നെ തുടങ്ങുന്ന ആഘോഷങ്ങള്‍ക്ക് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ പൊടിപൊടിക്കുന്നവര്‍ ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും നെല്ലിപ്പടി കണ്ട് വിവാഹ സങ്കല്‍പം ഒരു സ്വപ്‌നത്തില്‍ ഒതുക്കേണ്ടിവരുന്ന നൂറുകണക്കിന് സഹോദരിമാരെയും കുടുംബങ്ങളെയും കാണാത്ത ഭാവം നടിക്കുകയാണ്. വിവാഹ ധൂര്‍ത്തിനെതിരെ ബോധവത്കരണവും ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാകുന്നില്ല. വീഡിയോ ചിത്രീകരണത്തിനും ഭക്ഷണ വൈവിധ്യ പ്രദര്‍ശനത്തിനും മറ്റുമായി ധനം ധൂര്‍ത്തടിക്കുന്നതിന് പകരം, മക്കളുടെ വിവാഹത്തോടൊപ്പം നിര്‍ധനരായ സഹോദരിമാരുടെ വിവാഹവും നടത്താന്‍ തയ്യാറായാല്‍ അതെത്രമാത്രം ചാരിതാര്‍ഥ്യജനകമായിരിക്കും.

 

Latest